സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് വഴിത്തിരിവിലേക്ക്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പരാതി നല്‍കിയ ബാറുടമ ബിജുരമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്‍കിയ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട്.
ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ ബാര്‍കോഴ കേസ് അന്വേഷണവും പ്രതിസന്ധിയിലായി. യു.ഡി.എഫിലെ പ്രമുഖരെ കുരുക്കാനും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനുമായി നടന്ന ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ കോഴ ആരോപണമെന്ന വാദം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

ബാര്‍കോഴ കേസിന്റെ അന്വേഷണത്തിനിടെ പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ശബ്ദപരിശോധനയെ ആശ്രയിക്കാന്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയില്‍ കോഴക്കാര്യം പരാമര്‍ശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാന്‍ തീരുമാനിച്ചത്. സംഭാഷണങ്ങളടങ്ങിയ ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനക്ക് അയച്ചു. ഫോണ്‍ സംഭാഷണങ്ങളില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ഇതു ആധികാരികമല്ലെന്നുമാണ് പരിശോധനാഫലം. ലാബിലെ പരിശോധനഫലങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം നാലിന് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടും പരിശോധിക്കും.

പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. ബാര്‍കോഴയിലെ രണ്ടാം തുടരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന കരുതിയിരുന്ന പരിശോധനാ റിപ്പോര്‍ട്ടില്‍കൂടി പാളിയതോടെ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലായി വിജിലന്‍സ് അന്വേഷണ സംഘം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷവും കേസില്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 27ന് കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി ആര്‍.സുകേശന്റെ ഹര്‍ജി പരിഗണിച്ച് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.