കണ്ണൂര്‍: കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാംപ്രതിയായിരുന്നു സലാഹുദ്ദീന്‍. ഇതിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇവരുടെ കാറിന് പിന്നില്‍ ഒരു ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ബൈക്ക് ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് വടിവാള്‍ കൊണ്ട് കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്.

2018 ജനുവരിയിലാണ് കണ്ണവത്തുവെച്ച് എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് സലാഹുദ്ദീന്‍.