പേരാവൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് നീര്‍വേലിയിലെ ഹസീന മന്‍സില്‍ എം.എന്‍ ഫൈസലാണ് (24) അറസ്റ്റിലായത്. മാലൂരിന് സമീപം ശിവപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഫൈസല്‍.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ ഫൈസല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാവുന്നത്. ഫൈസല്‍ ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ് എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.

2018 ജനുവരി 19-നാണ് എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. കേസില്‍ ഒന്ന് മുതല്‍ നാലുവരെ പ്രതികളായ മുഴക്കുന്ന് പാറക്കണ്ടത്തെ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (35), മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലി സമീറ മന്‍സിലില്‍ സമീര്‍ (25), കീഴല്ലൂര്‍ പാലയോടിലെ മുഹമ്മദ് ഷാഹിം (39) എന്നിവര്‍ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു.