കണ്ണൂര്‍: ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥി എത്തിയത് പൊലീസ് ഐ.ജിയുടെ വാഹനത്തില്‍. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ബി.ജെ.പി പരിപാടിക്കെത്തിയത്.

കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ലഭിച്ച വസ്തുക്കള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ഉദ്ഘാടന ചടങ്ങാണ് വിവാദത്തിന് തിരികൊളുത്തിയത്. കണ്ണൂര്‍ തോട്ടക്കണ്ടം ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതിയായിരുന്നു ചടങ്ങില്‍ അതിഥി. ഇവിടേക്ക് സ്വാമിയെത്തിയത് പൊലീസ് ആസ്ഥാനത്തെ ഐ.ജിയായ ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു.

പൊലീസ് വാഹനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് സ്വകാര്യ വ്യക്തിയെ എത്തിച്ചത് ഗുരുതര ചട്ടലംഘനമാണ്. സ്വാമിയെത്തിയത് ഐ.ജിയുടെ വാഹനത്തിലാണെന്നും ഐ.ജി വാഹനത്തില്‍ ഇല്ലായിരുന്നുവെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.