ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെതിരെ ബിജെപി നേതാവ് രംഗത്ത്. ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ് മഹലെന്ന് ബിജെപി എംഎല്‍എ സംഗീത് സോം ആരോപിച്ചു. താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് ചോദിച്ചു. താജ്മഹല്‍ നിര്‍മിച്ച ഷാജഹാനെ പോലുള്ള ആളുകള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം മാറ്റുമെന്നുമായിരുന്നു സംഗീത് സോമിന്റെ ആക്രോശം. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന. താജ് മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിലപാടെടുത്തിരുന്നു.