ബിജെപി നേതാവിന്റെ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് കള്ളനെ കുരുക്കിയത് നടി നയന്‍താരയുടെ ഫോട്ടോ കാണിച്ച്. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ ദര്‍ഭംഗയിലാണ് സംഭവം. മധുബാല ദേവിയെന്ന സബ്ഇന്‍സ്‌പെക്ടറാണ് നയന്‍താരയുടെ ഫോട്ടോ തുറുപ്പുചീട്ടാക്കി കള്ളനെ കുരുക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ബിജെപി നേതാവായ സഞ്ജയ്കുമാര്‍ മഹാതോയുടെ സ്മാര്‍ട്‌ഫോണ്‍ കാണാതായതായി പൊലീസിന് പരാതി ലഭിച്ചു. അന്വേഷണ ചുമതല മധുബാലക്കാണ് ലഭിച്ചത്. തുടര്‍ന്ന് കോള്‍ റെക്കോര്‍ഡ് പരിശോധിച്ചതില്‍ നിന്ന് മോഷ്ടാവ് ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി കണ്ടെത്തി. മുഹമ്മദ് ഹുസ്‌നെയിന്‍ എന്നയാളാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നും പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്ന് വ്യത്യസ്ത മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോള്‍ മാറി വന്ന പെണ്‍കുട്ടിയായി മധുബാല പ്രതിക്കു ഫോണ്‍ ചെയ്തു. ആദ്യമൊക്കെ താല്‍പര്യം കാണിച്ചില്ലെങ്കിലും ക്രമേണ ഇയാള്‍ പൊലീസിന്റെ വലയില്‍ വീണു. ചിത്രം ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് തിരിച്ചറിയാത്ത തരത്തിലുള്ള നയന്‍താരയുടെ പടം വാട്‌സ്ആപ്പിന്റെ പ്രൊഫൈല്‍ ചിത്രമാക്കി. ഇതോടെ നേരില്‍ കാണാന്‍ പ്രതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മധുബാല ബുര്‍ഖ ധരിച്ച് കള്ളനു മുന്നിലെത്തി.
അതേസമയം, ഫോണ്‍ മോഷ്ടിച്ചതല്ലെന്നും മറ്റൊരു കുറ്റവാളിയില്‍ നിന്ന് 4500 രൂപക്കു വാങ്ങിയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.