ഹൈദരാബാദ്: ഗുജറാത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചോദ്യംചെയ്ത് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്തു കൊണ്ട് മുസ് ലിം പള്ളികള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ഉവൈസി വിമര്‍ശിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്താകമാനം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് തിടുക്കം കൂട്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പകരം ബിജെപിയെ പോലെ രാഹുല്‍ ഗാന്ധിയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ചാണെന്നും ഉവൈസി കുറ്റപ്പെടുത്തി.

രാഹുലും മോദിയും എന്തുകൊണ്ടാണ് പള്ളികളും ദര്‍ഗകളും സന്ദര്‍ശിക്കാതെ ക്ഷേത്രങ്ങളില്‍ മാത്രം സന്ദര്‍ശനം നടത്തുന്നതെന്നും ഉവൈസി ചോദിച്ചു. ഹൈദരാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകകയായിരുന്നു ഉവൈസി.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗുജറാത്തില്‍ എത്തിയതിന് പിന്നാലെയാണ് ഉവൈസിയുടെ വിമര്‍ശം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയുടെ എം.എല്‍.എമാരെ കാണാനും തെരഞ്ഞെടുപ്പ് വിലയിരുത്തിലിനും വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുജറാത്തില്‍ എത്തിയത്. എന്നാല്‍ ഗുജറാത്തില്‍ എത്തിയ രാഹുല്‍ സോമനാഥ് ക്ഷേത്രം വീണ്ടും സന്ദര്‍ശിച്ചിരുന്നു.