കണ്ണൂര്‍: തലശ്ശേരിയിലെ അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്തുതര്‍ക്കമാണ് കൊലക്കു പിന്നിലെ കാരണം. 2014ല്‍ സന്തോഷിന്റെ ഭാര്യാമാതാവിനെ സ്വാധീനിച്ച് സ്വത്ത് സ്വന്തമാക്കിയതിന്റെ പേരില്‍ ഭാര്യയുടെ സഹോദരിയുമായി തര്‍ക്കത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുക്കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ധര്‍മടം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്രയും കാര്യങ്ങള്‍ സത്യമായി തുടരുമ്പോള്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു. സന്തോഷിന്റെ കൊലപാതകം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.