മുംബൈ: ബി.ജെ.പിയിലെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ഉത്തര്‍ പ്രദേശില്‍ പിടിയിലായി. മുംബൈയിലെ ബി.ജെ.പി നേതാവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമ (നൈന എന്‍.സി) ക്ക് മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളയച്ച വരാണസി സ്വദേശി ജയന്ത്കുമാര്‍ സിങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഷൈന നല്‍കിയ പരാതിയിലാണ് നടപടി.

ഷൈനക്ക് വാട്ട്‌സാപ്പിലൂടെ ജന്മദിനാശംസകള്‍ അയച്ച് തുടങ്ങി ജയന്ത്കുമാര്‍ സിങ് പിന്നീട് മോശം വാക്കുകളും ചിത്രങ്ങളും അയക്കുകയായിരുന്നു. തുടക്കത്തില്‍ ഷൈനയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നത് എന്ന് ജയന്ത് മെസ്സേജ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വന്നു തുടങ്ങിയതോടെ പൊലീസില്‍ പരാതിപ്പെടാന്‍ ഷൈന തീരുമാനിക്കുകയായിരുന്നു.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിനുള്ള ഐ.ടി വകുപ്പ് പ്രകാരം കേസെടുത്ത മുംബൈ  പൊലീസ് സിങിനെ അറസ്റ്റ് ചെയ്യാന്‍ വരാണസിയിലേക്ക് പ്രത്യേക സംഘത്തെ അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലെ സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ് ജയന്ത്കുമാര്‍ സിങ്.