ഇന്ത്യയിലെ മുസ്‌ലിം സ്വത്വബോധത്തെ നിരാകരിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് ജീവിതം മുഴുവന്‍ കലഹിക്കുകയും എതിര്‍ത്തു പോരാടുകയും ചെയ്ത സയ്യിദ് ശഹാബുദ്ദീന്‍ ഓര്‍മ്മയായി. ഔദ്യോഗിക ജീവിതത്തിലും പിന്നീട് രാഷ്ട്രീയത്തിലും വിവാദങ്ങളോട് ചേര്‍ത്തുവെച്ച ജീവിതമായിരുന്നു സയ്യിദ് ശഹാബുദ്ദീന്റേത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുതുതായ രാഷ്ട്രീയ, ധൈഷണിക കാഴ്ചപ്പാട് നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട രാഷ്ട്രീയ മനീഷിയെന്നായിരിക്കും ഒരുപക്ഷേ സയ്യിദ് ശഹാബുദ്ദീനെ ചരിത്രം ഓര്‍ക്കുക. തോല്‍ക്കുമ്പോഴും നിലപാടുകളില്‍ അണുകിട വ്യതിചലിക്കാത്ത അസാധാരണ വ്യക്തിത്വമായിരുന്നു ശഹാബുദ്ദീന്‍. മുസ്‌ലിം സ്വത്വം എന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യുകയാണ് തനിക്ക് ആദ്യന്തമുള്ള കടമയെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സയ്യിദ് നിസാമുദ്ദീന്റെയും സക്കീന ബാനുവിന്റെയും മകനായി 1935 നവംബര്‍ നാലിനാണ് ജനനം. കോളജ് അധ്യാപകനായിരിക്കെ 1958ല്‍ ഇന്ത്യന്‍ വിദേശ സര്‍വീസില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെന്ന് മുദ്രകുത്തി ഐ.എഫ്.എസ് പ്രവേശനം തടയാന്‍ ശ്രമമുണ്ടായെങ്കിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ അദ്ദേഹം ഇന്ത്യന്‍ വിദേശ സര്‍വീസിലെത്തി. 1955 ല്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.ഐ അംഗമാണെന്ന രഹസ്യാന്വേഷം വിഭാഗം മേധാവി എസ്.പി വര്‍മ്മയുടെ റിപ്പോര്‍ട്ടാണ് വിനയായത്. എക്കാലവും സോഷ്യലിസ്റ്റ് മനസ്സ് കാത്തുസൂക്ഷിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നില്ലെന്ന് ജീവിതത്തിന്റെ സായാഹ്നത്തില്‍ പോലും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശഹാബുദ്ദീന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഔദ്യോഗിക കാലഘട്ടത്തില്‍ ശഹാബുദ്ദീന്‍ നിരവധി വിവാദങ്ങളില്‍ കുരുങ്ങി. ഏറ്റവും പ്രധാനം ബംഗ്ലാദേശ് വിഭജന കാലത്ത് സ്വീകരിച്ച നിലപാടാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗമെന്ന നിലക്ക് മാത്രമല്ല, മുസ്‌ലിം സ്വത്വബോധവും ബംഗ്ലാദേശ് അനുകൂല നിലപാടിന് തന്നെ പ്രേരപിച്ചിട്ടുണ്ടെന്ന് പില്‍ക്കാലത്ത് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ബംഗ്ലാദേശ് ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ഇന്ത്യ പിന്തുണച്ചപ്പോള്‍, അതിന് സാര്‍വദേശീയ അംഗീകാരം നേടിയെടുക്കുന്നതിന് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു ശഹാബുദ്ദീന്‍ കഠിനമായി പരിശ്രമിച്ചു. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ബംഗ്ലാദേശിന്റെ വിമോചനം ഇന്ത്യന്‍ മുസ്‌ലിംകളില്‍ അഭിമാനബോധമുണര്‍ത്തി എന്ന കാഴ്ചപ്പാടായിരുന്നു സയ്യിദ് ശഹാബുദ്ദീന് ഉണ്ടായിരുന്നത്. 1971ന് ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലപാടുകളില്‍ ഇത് കൂടുതല്‍ വ്യക്തതയുണ്ടാക്കിയെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. അതുവരെ ഉത്തരേന്ത്യയിലെ ചില നേതാക്കളെങ്കിലും പാക്കിസ്താനെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെന്നും ഇത് അവസാനിച്ചുവെന്നുമാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
സഊദി അറേബ്യയിലെ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഫണ്ട് അനുവദിക്കാന്‍ തയാറായിരുന്നു. 50 മില്ല്യന്‍ ഡോളര്‍ നല്‍കാന്‍ പദ്ധതികളും ബാങ്ക് തയാറാക്കി. അറബ് രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്ന സയ്യിദ് ശഹാബുദ്ദീന്‍ ഇത് തടഞ്ഞതായി ഒരു വിഭാഗം പ്രചരിപ്പിച്ച് ശഹാബുദ്ദീനെ വിവാദത്തില്‍ പെടുത്തിയിരുന്നു.
ഐ.ഡി.ബി പ്രസിഡണ്ടായിരുന്ന ഡോ.അഹമ്മദ് മുഹമ്മദ് അലിയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഐ.ഡി.ബി വിദ്യാഭ്യാസ ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ശഹാബുദ്ദിനെ അറിയിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തി സമാനമനസ്‌കരുമായി അദ്ദേഹം ആശയവിനിമയം നടത്തി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഐ.ഡി.ബിയുടെ വിദ്യാഭ്യാസ സഹായം ലഭിക്കുന്നതിനെ പിന്തുണച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ അത് നിര്‍ണായക മാറ്റം വരുത്തുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വളരെ കുഴഞ്ഞുമറിഞ്ഞു. എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആന്റ് റജിസ്‌ട്രേഷന്‍ ആക്ട്) ക്ലിയറന്‍സ് കിട്ടുക അന്ന് അത്ര സുഗമമായ കാര്യമായിരുന്നില്ല. ഇതിന് രഹസ്യാന്വേഷ വിഭാഗത്തിന്റെ അനുമതി കിട്ടണം. ഉദ്യോഗസ്ഥ വൃന്ദത്തിലെ ഒരു വിഭാഗത്തിന് വര്‍ഗീയ അജണ്ടകളുണ്ടായിരുന്നതിനാല്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ അനുമതി കുട്ടിക എന്നത് കടുകട്ടിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ തുറന്ന പിന്തുണ ലഭിച്ചിട്ടും ഇന്ത്യയിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ ധനസഹായം ലഭിച്ചില്ല. ഇതാണ് വസ്തുതയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോഴും ധനസഹായം തടഞ്ഞത് ശഹാബുദ്ദീനാണെന്ന് അദ്ദേഹത്തിന് പഴി കേള്‍ക്കേണ്ടി വന്നു.
ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇരുവര്‍ക്കുമിടയില്‍ വ്യക്തിപരമായ സൗഹൃദവും ഉണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയെ ശഹാബുദ്ദീന്‍ ശക്തമായി എതിര്‍ത്തു. ഉദ്യോഗത്തില്‍ നിന്നും രാജിവെക്കാന്‍ അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ശഹാബുദ്ദീന്‍ തീരുമാനമെടുത്തു. എന്നാല്‍ സുഹൃത്തും ഐ.എ.എസ് ട്രെയിനിങ് കോളജിന്റെ ഡയറക്ടറുമായിരുന്നു ത്രിവേദിയാണ് അത് തടഞ്ഞത്. പൂര്‍ണ പെന്‍ഷന് 20 വര്‍ഷം വേണമെന്ന നിബന്ധനയുള്ളതിനാല്‍ കുറച്ചുകൂടി കാത്തിരിക്കാനായിരുന്നു ത്രിവേദിയുടെ നിര്‍ദ്ദേശം. എന്നാല്‍ 1978 ആയപ്പോഴേക്കും ക്ഷമനശിച്ച് അദ്ദേഹം ഉദ്യോഗം രാജിവെച്ചു. പെന്‍ഷന്‍ കിട്ടുമോ, ഇല്ലയോ എന്നതിനേക്കാള്‍ പരിഗണന അദ്ദേഹം രാഷ്ട്രീയത്തിന് നല്‍കി. ആ വര്‍ഷം തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. മൂന്ന് പ്രാവശ്യം അദ്ദേഹം ലോക്‌സഭയിലെത്തി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നായിരുന്നു വിജയം. എന്നാല്‍ മണ്ഡലത്തില്‍ വികസനം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് ആരോപിച്ച് ജനങ്ങള്‍ അദ്ദേഹം നാലാംതവണ തിരസ്‌കരിച്ചു. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രസക്തമായിരുന്നില്ലെന്ന് ചുരുക്കം.
രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തെ സംബന്ധിച്ച് വ്യക്തിപരമായിരുന്നില്ല. ഭരണ വ്യവസ്ഥിതിയെ തന്റെ മനസ്സാക്ഷിക്കൊത്തുമാത്രം അനുകൂലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തെറ്റെന്ന് തോന്നിയാല്‍ ഉറക്കെ വിളിച്ചുപറയാന്‍ അദ്ദേഹം ഔദ്യോഗിക ജീവിതത്തിലും ധൈര്യം കാട്ടിയിട്ടുണ്ട്. അല്‍ജീരിയയിലാണ് ഏറ്റവും അവസാനം അദ്ദേഹം വിദേശത്ത് ജോലി ചെയ്തത്. അംബാസിഡറായിരുന്ന ശഹാബുദ്ദിനും കുടുംബവും വാരാന്ത്യ അവധി ദിനം ആഘോഷിക്കാന്‍ പോയ അവസരം മുതലെടുത്ത് അദ്ദേഹത്തെയും കുടുംബത്തേയും കൊലപ്പെടുത്താനള്ള ശ്രമം വരെയുണ്ടായി. ബെന്‍ ബല്ലായെ ഏകാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയെന്ന് വെളിപ്പെടുത്തിയതിന് ഭരണകൂടം തന്നെയാണ് ശഹാബുദ്ദിനെ വധിക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തിയത്. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ശഹാബുദ്ദീനും കുടുംബത്തിനും അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല.
ഉറച്ച നിലപാടുകളാണ് ശഹാബുദ്ദീന്റെ വ്യക്തിത്വം. ഇന്ത്യന്‍ മുസ്‌ലിംകളും ദേശീയ രാഷ്ട്രീയവും തമ്മിലുള്ള വിടവ് നികത്തുകയും മുസ്‌ലികളെ ദേശീയരാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ക്കുകയുമെന്ന കടമയാണ് രാഷ്ട്രീയ പ്രവേശനത്തിലൂടെ നിര്‍വച്ചതെന്നതായിരുന്നു ശഹാബുദ്ദീന്റെ വിശ്വാസം. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം തന്നെ അദ്ദേഹം പുലര്‍ത്തി. തികഞ്ഞ മതേതര വാദിയായിരുന്നു ശഹാബുദ്ദീന്‍. എന്നാല്‍ മതേതര നിലപാടുകളുടെ പേരില്‍ മുസ്‌ലിം സ്വത്വത്തെ കയ്യേറ്റം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന നിലാപാട് അദ്ദേഹമെടുത്തു. ശബാനു ബീഗം കേസിലും ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലും ശഹാബുദ്ദീന്‍ നിറഞ്ഞുനിന്നു.
ഐ.എഫ്.എസ് ഉദ്യോഗം രാജിവെച്ചപ്പോള്‍ അലീഗഢ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ശഹാബുദ്ദീന്‍ ഇന്ദിരാഗാന്ധിയെ കാണാന്‍ കൂട്ടാക്കിയില്ല. നിലപാടുകളാണ് ശഹാബുദ്ദീനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തനാക്കിയത്. ആദര്‍ശങ്ങളില്‍ അടിയുറച്ച നിലപാടുകളില്‍ ഊന്നിയതായിരുന്നു ശഹാബുദ്ദീന്റെ രാഷ്ട്രീയം. മുസ്‌ലിം സ്വത്വബോധം പ്രൗഡമാക്കിയ നേതാവായിരുന്നു അദ്ദേഹം. തികഞ്ഞ മതേതരവാദിയാകുമ്പോഴും, പിന്നാക്കം പോയ ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി അദ്ദേഹം പ്രയത്‌നിച്ചു. ഒരുപാട് സ്വപ്‌നങ്ങള്‍ അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നു.