കോട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാന്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി.

ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദ് ശര്‍മ്മയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് ‘വസുന്ധര ഗോ ബാക്ക്’, ‘ക്വിറ്റ് ജലാവര്‍’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ബൈക്ക് റാലി നടത്തി. ഏകദേശം 500 ബൈക്കുകളിലായി ആയിരം പേര്‍ റാലിയില്‍ പങ്കെടുത്തു.

മണ്ഡലത്തില്‍ അഴിമതി കൂടുതലാണെന്നും വികസനമില്ലെന്നും പ്രമോദ് ശര്‍മ്മ ആരോപിച്ചു. ലോക്‌സഭാംഗമായി അഞ്ച് തവണയും നിയമസഭാംഗമായി മൂന്ന് തവണയും ജലാവറില്‍ നിന്ന് വസുന്ധര രാജെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.