ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായമെത്തിച്ച പാര്‍ലമെന്റ് അംഗങ്ങളുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാമത്. ഉജ്ജയ്‌നില്‍ നിന്നുള്ള ബിജെപി എംപി അനില്‍ ഫിറോജിയ ആണ് ഒന്നാമത്. രണ്ടാമത് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നെല്ലൂര്‍ എംപി അടാല പ്രഭാകര റെഡ്ഢി.

ന്യൂഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടന ഗവേണ്‍എയ് ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച സര്‍വേയുടെ അവസാന പട്ടികയില്‍ 25 എംപിമാരാണ് ഉണ്ടായിരുന്നത്. നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫീല്‍ഡ് സര്‍വേ നടത്തി ആദ്യ പത്തു പേരെ കണ്ടെത്തിയത്.

‘മഹാമാരി ആരംഭിച്ചപ്പോള്‍ ഉജ്ജയ്‌നിലെ മരണ നിരക്ക് മുപ്പത് ശതമാനമായിരുന്നു. രോഗികള്‍ക്ക് മികച്ച പരിചരണം കിട്ടാന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ മണ്ഡലത്തില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ സഹായത്തോടെ മണ്ഡലത്തില്‍ 250 ബെഡുകള്‍ കൂടുതല്‍ അനുവദിപ്പിച്ചു. അഞ്ചു ആംബുലന്‍സുകളും പുറത്തിറക്കി. ഇപ്പോള്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഉജ്ജയ്‌നിലെ മരണ നിരക്ക്’ – അനില്‍ ഫിറോജിയ എംപി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ എംപി ലോക്ക്ഡൗണില്‍ ശ്രദ്ധിച്ചതായി രാഹുല്‍ ഗാന്ധിയുടെ സഹായി പറഞ്ഞു. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തെര്‍മോമീറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും എത്തിച്ചു. ഭക്ഷണ പായ്ക്കറ്റുകള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും എത്തിച്ചു. ഒരാളും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ശിവസേന എംപി ഹേമന്ദ് ഗോഡ്‌സെ, ശിരോമണി അകാലിദള്‍ എംപി സുഖ്ബീന്ദര്‍ ബാദല്‍, ഇന്‍ഡോറിലെ ബിജെപി എംപി ശങ്കര്‍ ലാല്‍വാനി, കോണ്‍ഗ്രസ് എംപി ടി സുമതി, നാഗ്പൂര്‍ എംപി നിതിന്‍ ഗഡ്കരി എന്നിവരാണ് ആദ്യ പത്തിലെ മറ്റു എംപിമാര്‍.