വി. അബ്ദുല്‍ ലത്തീഫ്‌


കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളുടെയും ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിരോധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്സോഫീസ് വിജയം നേടുക എന്നൊരു ലക്ഷ്യമേ ഈ സിമിയക്കുള്ളൂ. ഈ സിനിമയെ സംബന്ധിച്ച് ഭാവിയിൽ പ്രകീർത്തിക്കപ്പെട്ടേക്കാവുന്ന മികവുകളിലൊന്നായി പരിഗണിക്കാവുന്ന സാങ്കേതികത്തികവ് (അതോ ധാരാളിത്തമോ?) പ്രമേയഗാനത്തോടും സംഗീതത്തോടും ചേർന്ന് ലാൽവാഴ്ത്തിനാണ് പ്രയോജനപ്പെടുന്നത്. നേരത്തേ നിരീക്ഷിക്കപ്പെട്ടതുപോലെ മോഹൻലാൽ എന്ന നടന്റെ ഉടൽ മാത്രമേ സിനിമയിലുള്ളൂ. കാടും കടുവയും മറ്റു കഥാപാത്രങ്ങളും ഈ താരശരീരത്തിന്റെ അനുസാരികൾ മാത്രം.

വേൽ ആയുധവും മയിൽ വാഹനവുമായി ജനക്കൂട്ടത്തിന്റെ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന പുലിമുരുകൻ എന്ന മിത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വളമാകുന്നതെങ്ങനെയെന്ന ചർച്ച അവിടെ നിൽക്കട്ടെ. സിനിമ എന്ന വ്യവസായത്തെയും സിനിമ എന്ന കലയെയും അകലം കുറച്ച് കൂട്ടിമുട്ടിക്കാനുള്ള ആ മേഖലകയിൽ പ്രവർത്തിക്കുന്ന മനുഷ്യരുടെ പ്രയത്നങ്ങളും തൽക്കാലം അവിടെ നിൽക്കട്ടെ. 13 രാജ്യങ്ങൾ ദീർഘകാല പദ്ധതിയുണ്ടാക്കി നടപ്പിലാക്കുന്ന കടുവ സംരക്ഷണമെന്ന പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കുമ്പോഴാണ് സിനിമ വലിയ അക്രമമാകുന്നത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നത്. എന്നിട്ടും ലോകത്തിലാകെ 3890 കടുവകളേയുള്ളൂ. ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കലക്ടർ കോഴിക്കോട് നഗരത്തിലെ

വി. അബ്ദുല്‍ ലത്തീഫ്‌
വി. അബ്ദുല്‍ ലത്തീഫ്‌

കടുവയെ കൊല്ലുന്നവർക്ക് ഒരു രൂപ ഇനാം പ്രഖ്യാപിച്ച രേഖ അഡ്വ:സെല്യുരാജ് കൊണ്ടു വന്നിട്ടുണ്ട്. (പൈതൃകം എന്ന മാതൃഭൂമി പത്രത്തിലെ പംക്തി. ഇപ്പോഴത് പുസ്തകവുമായി) ലോകത്തെല്ലായിടത്തും സമീപകാലം വരെ ധാരാളമുണ്ടായിരുന്ന കടുവകൾ മനുഷ്യന്റെ കടന്നു കയറ്റംകൊണ്ട് ഇല്ലാതായതാണ്. വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവകളുടെ നാശത്തിന് കാരണം.

എന്തിനാണീ കടുവ? കാടിന്റെ ജൈവസന്തുലത്തിന്റെ ആണിക്കല്ലാണ് ഈ ജീവി. ഏഷ്യൻ കാടുകളിലെ ഏറ്റവും കരുത്തൻ, സുന്ദരൻ. ലോകത്തെവിടെയും ഇവനു മുകളിൽ സിംഹമേയുള്ളൂ. പല കാര്യങ്ങളിലും സിംഹത്തോടൊപ്പമോ സിംഹത്തേക്കാൾ മുന്നിലോ ആണ്. പ്രണയകാലത്തല്ലാതെ (രണ്ടു വർഷത്തിലൊരിക്കൽ) ഏകാന്തജീവിതം നയിക്കുന്ന ഇവന് സ്വൈരജീവിതത്തിന് മൂന്നു കാര്യങ്ങൾ വേണം. ഏതാണ്ട് നാല്പത്തഞ്ച് സ്ക്വയർ കി.മീ. ഒളി സങ്കേതങ്ങളോടു കൂടിയ കാട്, വിശാലമായ ജലാശയം, മുട്ടില്ലാത്ത ഭക്ഷണം. കാട്ടുപോത്താണ് ഇവന്റെ സ്വാഭാവിക ഇര. കൂട്ടത്തിലെ ഏറ്റവും വലിയതും പ്രായമുള്ളതുമായ മൃഗത്തെയാണ് കടുവ പിടിക്കുക. കാടിന്റെ മേച്ചിൽസ്ഥലങ്ങളെ തിന്നു തീർക്കുന്ന കാട്ടുപോത്തിന്റെ നിയന്ത്രണം കടുവയ്ക്കാണ്. കാടിന്റെ ജൈവശൃംഖലകൾ അങ്ങനെ കടുവയിൽനിന്നാരംഭിക്കുന്നു.

മനുഷ്യകേന്ദ്രീകൃത ഉല്പാദനവ്യവസ്ഥയിൽ പ്രകൃതി മനുഷ്യന് കീഴടക്കേണ്ട ഒന്നായിരുന്നു. മൃഗങ്ങളെ കൊല്ലുന്നവനാണ് ജേതാവ്. കാട് കത്തിച്ച് ജനപഥങ്ങളുണ്ടാക്കുന്നതിന്റെ ചരിത്രമാണ് നമ്മുടെ ഇതിഹാസങ്ങൾ. വെള്ളമായും ഭക്ഷണമായും ധാതുസമ്പത്തിന്റെ കുറച്ചിലായും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് പ്രകൃതികേന്ദ്രിത വികസനസങ്കല്പങ്ങൾ മനുഷ്യൻ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പ്രകൃതിയെ,മൃഗങ്ങളെ സംരക്ഷിക്കുകയും അവയെ നിലനിർത്തിക്കൊണ്ടുള്ള ജീവനവഴികൾ ആലോചിക്കുകയുമാണ് പുതിയ കാലത്തിന്റെ ഹീറോയിസം. ലോകത്ത് മുൻനിര രാജ്യങ്ങളൊക്കെ പാലിക്കുന്നതും അതാണ്. ഇവിടെയാണ് ഈ സിനിമ പഴഞ്ചനാകുന്നത്.

നൂറുശതമാനം വേട്ടക്കാരന്റെ പക്ഷത്തുനിന്നാണ് ഈ സിനിമ കടുവയെ അവതരിപ്പിക്കുന്നത്. കടുവ എന്നോ നരി എന്നോ ആണ് ഈ ജീവിയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം പേര്. സിനിമയിൽ ഏതോ കഥാപാത്രം അതു ചോദിക്കുന്നുമുണ്ട്. അപ്പോൾ വരയൻ പുലി എന്ന് തിരുത്തുകയാണ്. പുലിമുരുകൻ എന്ന തലക്കെട്ടിന്റെ താളം മാത്രമേ ഈ പാതകത്തിനു പിന്നിലുള്ളൂ. കടുവയുടെ ആവാസവ്യവസ്ഥ, ഭക്ഷണരീതി, ആക്രമണ സ്വഭാവം എന്നിവയെല്ലാം ചിത്രീകരിച്ചിരിക്കുന്നത് പൊതുജനഭാവനയ്ക്കനുസരിച്ചാണ്. നേരത്തേ പറഞ്ഞ പോലെ കാട്ടുപോത്താണ് കടുവയുടെ ആഹാരം. ഒന്നിനെ കിട്ടിക്കഴിഞ്ഞാൽ ദിവസങ്ങളോളം അതു മതി. ചീഞ്ഞ് പുഴുവരിച്ച് തോല് മാത്രമാവുന്നതുവരൈ ഇരയെ നക്കിത്തുടയ്ക്കും. ഈ സമയം കടുവ എങ്ങും പോകില്ല. വയറ് നിറച്ച് ആഹാരം, ജലക്രീഢ, വെയിലുകായൽ ഇതാണ് പണി. ഇര തീർന്നാൽ പിന്നെ നടപ്പാണ്. ദിവസങ്ങളോളം ഒന്നും കഴിക്കാതെ തന്റെ ഇരയ്ക്കായി കാത്തിരിക്കും. കിട്ടില്ലെന്നുറപ്പായാൽ മ്ലാവ് എന്ന് വിളിക്കുന്ന വലിയ മാനിനെ പിടിക്കും. വാർദ്ധക്യ കാലത്താണ് ഇവ മറ്റു ജീവികളെ ഇരയാക്കാറ്. അവശനിലയിൽ ഇവ നാട്ടിലിറങ്ങി വീട്ടുമൃഗങ്ങളെ പിടിക്കും. സ്വാഭാവിക നിലയിൽ മനുഷ്യനെ ഉപദ്രവിക്കുന്നത് അത്യപൂർവ്വം. ഘ്രാണശക്തിയും നിപുണശ്രോതസ്സും കൊണ്ട് കിലോമീറ്ററുകൾ അകലെ വച്ചുതന്നെ ഇവൻ മനുഷ്യനിൽനിന്ന് മാറി നടക്കും. അതുകൊണ്ടുതന്നെ നിശ്ശബ്ദരും കാടറിയുന്നവരുമായ സഞ്ചാരികൾക്കേ കടുവയെ കണ്ടുമുട്ടാനാകൂ. കുടുംബകാലത്തും ഇവയെ കാണാനാകുമെന്ന് വിദ്ഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഈ സത്യങ്ങളൊക്കെയാണ് സിനിമയിൽ അട്ടിമറിയ്ക്കപ്പെടുന്നത്. ഒരാഴ്ചയ്ക്കിടയിൽ ആറു പേരെയൊക്കെ കടുവ പിടിക്കുന്നുണ്ട് സിനിമയിൽ. കന്നുകാലികളെ ആക്രമിച്ചതിന്റെ ഒരു വാർത്തയുമില്ല താനും. ആരോഗ്യമുള്ള ഒരു കടുവയെ ചാട്ടുളിയും വേലും കൊണ്ട് ഒറ്റയ്ക്കൊരാൾക്ക് കീഴ്പ്പെടുത്തുക അസാധ്യം. വാർദ്ധക്യകാലത്ത് ചാവാളിയായ കടുവയെയാണ് പല പ്രമുഖ ശിക്കാരികളും കീഴ്പ്പെടുത്തിയത്. അതും ചതി,ആയുധബലം, ആൾബലം എന്നിവകൊണ്ട്. കടുവയുടെ ഒരു ജീവിതശീലം അവനെ പലപ്പോഴും അപകടപ്പെടുത്താറുണ്ട്. ഞാനായിട്ടത് വിവരിക്കുന്നില്ല. എന്തായാലും സിനിമാക്കാർക്ക് അതും തിരിഞ്ഞിട്ടില്ല.

കടുവ എന്ന ഏറെക്കുറെ റെഡ്ബുക്കിലായ ഒരു ജീവിയെ മനുഷ്യന്റെ വലിയ ശത്രുവാക്കി മുഖാമുഖം നിർത്തുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന പാതകം. അത് പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ സമീപനത്തിനെതിരാണ്. ലോകം മുഴുവൻ ഈ ജീവിയെ സംരക്ഷിക്കാൻ ആളും അർത്ഥവും വ്യയം ചെയ്യുമ്പോൾ ഈ സിനിമ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. വന്യജീവി സംരക്ഷണനിയമങ്ങളെ മനുഷ്യനെതിരെയുള്ള മോശം കാര്യങ്ങളായി ചിത്രീകരിക്കുന്നു. വരും നാളുകളിൽ ജൈവപാരിസ്ഥിതികാവബോധവുമായി ബന്ധപ്പെട്ട കൂടുതൽ നിരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു.