കോഴിക്കോട്: പറമ്പില്‍ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപം അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ചെറുവറ്റ സായി ബാബ ആശ്രമത്തിനു സമീപം കാടുമൂടിയ പ്രദേശത്താണ്് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏട്ടു മണിയോടെ പ്രദേശത്തു നിന്നും പുകയും രൂക്ഷഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ചേവായൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡിന്റെയും ഫോറന്‍സിക് വിദഗ്ദരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി.
കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടേതാണ് ആള്‍താമസമില്ലാത്ത സ്ഥലം. ഇന്നലെ പുലര്‍ച്ച മുതല്‍ മാംസംകരിഞ്ഞ ഗന്ധം അനുഭവപ്പെട്ടിരുന്നു. കാടുമൂടി കിടക്കുന്നതിനാല്‍ ചിലര്‍ കോഴിമാലിന്യവും മറ്റും ഇടയ്ക്ക് കത്തിക്കാറുണ്ടെന്നും ഇത്തരത്തിലുള്ള ഗന്ധമാെണന്നു കരുതി ഗൗനിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ്‌കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. റോഡില്‍ നിന്നും ഉള്‍പ്രദേശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ചേവായൂര്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.