ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി ആദായ നികുതി വകുപ്പ് കരാര്‍ ഒപ്പിട്ടു.

നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെല്‍ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഈ കമ്പനികളുടെ ഡയരക്ടര്‍മാരായ 1.06 ലക്ഷം പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്രം ഒരുങ്ങുകയാണ്. ഇതിനു പിന്നാലെയാണ് കൂടുതല്‍ ഷെല്‍ കമ്പനികളെ കണ്ടെത്തുന്നതിന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
രണ്ടു ലക്ഷം കമ്പനികളെ ഒഴിവാക്കിയ ശേഷവും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 11 ലക്ഷം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയിലും ഷെല്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഓഡിറ്റര്‍മാരും കുടുങ്ങും

ഷെല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതോടെ ഇത്തരം കമ്പനികളുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഓഡിറ്റര്‍മാരും കുടുങ്ങും. കണക്കുകളില്‍ കൃത്രിമം കണ്ടിട്ടും ഇത് കേന്ദ്ര സര്‍ക്കാറിനെയോ ബന്ധപ്പെട്ട ഏജന്‍സികളേയോ അറിയിക്കാത്തതിനാണ് ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നത്.
ഷെല്‍ കമ്പനികളുടെ ഡയരക്ടര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലൂടേയോ, ഷെല്‍ കമ്പനി ഡയരക്ടര്‍മാര്‍ ഒപ്പുവെച്ച ചെക്ക് ഉള്‍പ്പെടെയേുള്ള രേഖകള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പുറമെയാണ് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ചുമതലപ്പെട്ട ഓഡിറ്റര്‍മാര്‍ക്കെതിരെയും നടപടി ആലോചിക്കുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ കമ്പനി കാര്യ മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളില്‍പോലും ഷെല്‍ കമ്പനികള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഇല്ലാത്ത കമ്പനികള്‍ക്ക് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. അഭിഭാഷകരേയും ഡോക്ടര്‍മാരേയും പോലെ, സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സേവന വഴിയിലിറങ്ങുന്നവരാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും. എന്നിട്ടും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഓഡിറ്റര്‍മാരുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുക. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതില്‍ ഓഡിറ്റര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.