കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. നോര്‍ത്ത് 24 പര്‍ഗാനസിലാണ് സി.പി.എം പ്രവര്‍ത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ കൊലപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സി.പി.എം ആരോപണം.

നാലു ജില്ലകളിലാണ് പ്രധാനമായും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നോര്‍ത്ത് 24 പര്‍ഗനാസ്, ബുര്‍ദ്‌വാന്‍, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗനാസ് എന്നീ ജില്ലകളിലാണ് സംഘര്‍ഷം ഉടലെടുത്തത്. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂച്ച് ബിഹാറിലെ പോളിങ് ബൂത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വോട്ടെടുപ്പ് രാവിലെ 7 മണിയോടെയാണ് ആരംഭിച്ചത്. 621 ജില്ലാ പരിഷത്തുകളിലും 6157 പഞ്ചായത്ത് സമിതികളിലും 31,827 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പില്‍ മുമ്പ് നടന്നിട്ടുള്ള അക്രമങ്ങളെ കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കാനായി 46000 പശ്ചിമ ബംഗാള്‍ പൊലീസിനേയും 12000 കൊല്‍ക്കത്ത പൊലീസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1500 സുരക്ഷാ ഉദ്യോഗസ്ഥരേകൂടി തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയിട്ടുണ്ട്.