ലോകത്തു നൂറു കോടിയില്‍ അധികം അളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മര്‍ദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
മുകളില്‍ പറഞ്ഞതുപോലെ തുടക്കത്തില്‍ യാതൊരു ലക്ഷണങ്ങളും കണ്ടെന്നു വരില്ല. ബിപി വളരെ കൂടുമ്പോള്‍ തലവേദന, കാഴ്ച മങ്ങല്‍, നടക്കുമ്പോഴോ ആയാസമുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോഴേ ഉള്ള കിതപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. രണ്ടോ അതിലധികമോ പ്രാവശ്യം പരിശോധന നടത്തുമ്പോഴും ബിപി കൂടുതലാണെന്നു കണ്ടാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടോയെന്നു നിര്‍ണയിക്കണം.

പെട്ടെന്നു കുറഞ്ഞാലും അപകടം
ബിപി കുറയുന്ന അവസ്ഥ (ഹൈപ്പോടെന്‍ഷന്‍) ഉയരുന്നതുപോലെ അത്ര സാധാരണമല്ല. എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുക, ബാലന്‍സ് കിട്ടാതെ വീഴാന്‍ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയര്‍ത്തി വയ്ക്കുന്നത് ബിപി കൂടാന്‍ സഹായിക്കും. ഉപ്പു ചേര്‍ത്ത വെള്ളവും കുടിക്കാം.
അണുബാധ, സെപ്‌സിസ്, ഹൃദയസ്തംഭനം തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി ബിപി കുറയുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പെട്ടെന്നുള്ള വൃക്കസ്തംഭനത്തിനു കാരണമാകുകയും ചെയ്യാം.

നിയന്ത്രിച്ചു നിര്‍ത്തിയേ മതിയാകൂ
ബിപി നിയന്ത്രണാതീതം ആകുന്നത് ശരീരത്തിന്റെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, തലച്ചോറ്, കണ്ണ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ അവയവങ്ങള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കാം. ഹാര്‍ട്ട് അറ്റാക്ക്, ഹാര്‍ട്ട് ഫെയിലിയര്‍, സ്‌ട്രോക്ക്, വൃക്കസ്തംഭനം, ഹൈപ്പര്‍ ടെന്‍സീവ് റെറ്റിനോപ്പതി തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വഴിതുറക്കാം.