റയോ ഡി ജനീറോ: ബ്രസീലില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയര്‍ ബൊല്‍സൊനാരോക്ക് പ്രചരണത്തിനിടെ കുത്തേറ്റു. മുന്‍ സൈനിക ക്യാപ്ടനും തീവ്ര വലതുപക്ഷക്കാരനുമായ ബൊല്‍സൊനാരോ വ്യാഴാഴ്ച അനുയായികള്‍ക്കൊപ്പം പ്രചരണം നടത്തുന്നതിനിടെയാണ് അടിവയറ്റില്‍ കുത്തേറ്റത്. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിക്കൊടുവില്‍ ഇദ്ദേഹം അപകടനില തരണം ചെയ്തു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി അറസ്റ്റിലായിട്ടുണ്ട്.

തീവ്ര ദേശീയവാദിയായ ബൊല്‍സൊനാരോ ബ്രസീലിലെ ജനപ്രിയ നേതാക്കളിലൊരാളാണ്. മുമ്പ് ലുല ദ സില്‍വ പ്രസിഡണ്ടായ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പട്ടാളത്തിനും പൊലീസിനും കൂടുതല്‍ അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെടുന്ന ബൊല്‍സൊനാരോ സ്ത്രീ അവകാശങ്ങള്‍ക്കും സ്വവര്‍ഗ ലൈംഗികതക്കും ആഫ്രിക്കന്‍ വംശജര്‍ക്കും എതിരായ നിലപാടാണ് കൈക്കൊള്ളുന്നത്.

പ്രധാന നഗരമായ റയോ ഡി ജനീറോയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള യൂസ് ദെ ഫോറയില്‍ പ്രചരണം നടത്തുന്നതിനിടെയാണ് ബൊല്‍സൊനാരോക്കു നേരെ അക്രമമുണ്ടായത്. അനുയായികള്‍ തോളിലേറ്റിയ അദ്ദേഹത്തെ താഴെ നിന്ന് അദെലിയോ ബിപ്‌സോ എന്നയാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. 40-കാരനായ അദെലിയോയെ ബൊല്‍സൊനാരോയുടെ അനുയായികള്‍ പിടികൂടുകയും മര്‍ദിക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ദൈവത്തിന്റെ സന്ദേശമുള്ളതിനാലാണ് താന്‍ ബൊല്‍സൊനാരോയെ കുത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമത്തെ ബ്രസീല്‍ പ്രസിഡണ്ട് മിച്ചല്‍ തെമര്‍ അപലപിച്ചു.

ജനപ്രിയ നേതാവായ ബൊല്‍സൊനാരോ ഇടതുപക്ഷ വിരുദ്ധനാണ്. ലുല ദ സില്‍വയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ അഴിമതിക്കാരായ അംഗങ്ങളെ താന്‍ വെടിവെച്ചു കൊല്ലുമെന്ന് ഈയിടെ അദ്ദേഹം പ്രചരണത്തിനിടെ പറഞ്ഞിരുന്നു. ഇത് വിവാദത്തിനിടയാവുകയും അറ്റോണി ജനറല്‍ ബൊല്‍സൊനാരോയോട് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു.