Culture
ബ്രസീല്‍ ഇങ്ങനെ കളിച്ചാല്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്‍ ഇതുപോലെ കളിച്ചാല്‍ നിങ്ങള്‍ മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും – ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്‍ കളിയെ ആണെങ്കില്‍ – വേറെ നിവൃത്തിയില്ലാതെ വരും. 2-0 എന്ന സ്‌കോര്‍ലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്സിനോ സൂചന പോലും നല്‍കാന്‍ പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീല്‍ – സെര്‍ബിയ മത്സരം. ബ്രസീല്‍ ജയിച്ചു എന്നതല്ല, അവര്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് പ്രധാനം.
കൊറിയയോട് തോറ്റ് ജര്‍മനി പുറത്തായതിനു പിന്നാലെ അടുത്ത കളികാണാനിരിക്കുമ്പോള്‍, ഒരു അര്‍ജന്റീനാ ആരാധകനില്‍ സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട കുനിഷ്ട് ചിന്ത തീരേ ഇല്ലായിരുന്നു എന്ന് നുണപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലായ്പോഴുമെന്ന പോലെ, ബ്രസീല്‍ തോറ്റുകാണണമെന്ന കൊതിയുണ്ടായിരുന്നു. അതു നടന്നില്ലെങ്കില്‍, ആവേശകരമായൊരു മത്സരം കാണുകയെങ്കിലും ചെയ്യാമെന്നുണ്ടായിരുന്നു. ഏതായാലും ഉറക്കമിളച്ചത് വെറുതെയായില്ല. കണ്ണുനിറഞ്ഞു – സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആധിപത്യമുണ്ടായിരുന്നെങ്കിലും സ്വന്തം വരുതിയിലുള്ള കാല്‍ക്കുലേറ്റഡ് ഗെയിം ആയിരുന്നില്ല അവര്‍ കളിച്ചത്. എത്ര വീരസ്യം പറഞ്ഞാലും കോസ്റ്ററിക്കക്കെതിരെ രണ്ടു ഗോളടിച്ച് ജയിച്ചത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഇഞ്ചുറി ടൈമില്‍ ആയിരുന്നല്ലോ. കോളറോവും മിത്രോവിച്ചും ല്യായിച്ചും സാവിച്ചുമൊക്കെയുള്ള സെര്‍ബിയ നിര്‍ണായക മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് ഞാന്‍ കണക്കുകൂട്ടി. പക്ഷേ, രണ്ടു കാര്യങ്ങള്‍ യൂറോപ്യരെ ചതിച്ചു. ഒന്ന് – ഈ മത്സരം വിജയിച്ചേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അവര്‍ എന്നത്. രണ്ട് – തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ഗോള്‍ വഴങ്ങേണ്ടി വന്നുവെന്നത്.
4-3-3 എന്നതാണ് മൂന്നു മത്സരങ്ങളിലും ടിറ്റെ ഉപയോഗിച്ച ഫോര്‍മേഷനെങ്കിലും ഫലത്തില്‍ അത് 4-2-4 എന്ന വിചിത്രമായ ആക്രമണ സമവാക്യമാണെന്ന് ബ്രസീലിന്റെ കളി കണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ടാകും. വില്ല്യനും ജീസസിനും നെയ്മറിനുമൊപ്പം കുട്ടിന്യോ കൂടി ചേരുന്ന അറ്റാക്കിങ് ക്വാര്‍ട്ടെറ്റ് ഇന്ന് ലോകഫുട്ബോളില്‍ ലഭ്യമായ ഏറ്റവും വിനാശകാരിയാണ്. നെയ്മര്‍ നേതൃത്വം കൊടുക്കുന്ന മുന്‍നിരയ്ക്കൊപ്പമോ ഒരുപക്ഷേ, അതിനു മുകളിലോ നില്‍ക്കും ഒരുചുവട് പിന്നില്‍ കളിക്കുന്ന കുട്ടിന്യോ. നൃത്തവും കവിതയുമൊന്നുമൊന്നുമല്ല പ്രായോഗികതയാണ് അയാളുടെ മേല്‍വിലാസം. കുട്ടിന്യോയുടെ കളി മനോഹരമല്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. പക്ഷേ, ബ്രസീല്‍ ടീമിലെ പ്രധാനി – മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി – നെയ്മറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസിന്റെ നിഴലില്‍ ഒളിച്ചിരിക്കുന്ന കുട്ടിന്യോ ആണെന്ന് ഞാന്‍ പറയും. കുട്ടിന്യോക്ക് ആ റോളെടുക്കാന്‍ പാകത്തില്‍ കാസമിറോ – പൗളിഞ്ഞോ / ഫെര്‍ണാണ്ടിഞ്ഞോ സഖ്യം മിഡ്ഫീല്‍ഡ് നിയന്ത്രിക്കും.
എന്തു വില നല്‍കേണ്ടി വന്നാലും മൂന്നു പോയിന്റാണ് ലക്ഷ്യമെന്ന് സെര്‍ബിയ തുടക്കംമുതല്‍ക്കേ വ്യക്തമാക്കിയിരുന്നതിനാല്‍ കളി വെറുതെ കണ്ടിരിക്കാന്‍ തന്നെ രസമുണ്ടായിരുന്നു. എന്നാല്‍, ജര്‍മനിയെ പോലെ പ്രതിരോധം തുറന്നിട്ടുകൊണ്ടുള്ള കളിയായിരുന്നില്ല സെര്‍ബിയയുടേത്. 4-2-3-1 ല്‍ പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യമാണ് കോച്ച് ക്രിസ്താവിച്ച് നല്‍കിയിരുന്നത്. സ്വന്തം ബോക്സില്‍ നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് അവര്‍ പന്തെത്തിച്ച വേഗതയില്‍ നിന്ന് അത് വ്യക്തമാവും. ഉയരംകുറഞ്ഞ ബ്രസീല്‍ ഫുള്‍ബാക്കുകളെ പരീക്ഷിക്കുന്നതിനായി ഡീപ്പില്‍ നിന്ന് തൊടുക്കുന്ന ക്രോസുകളായിരുന്നു അവരുടെ പ്രധാന ആയുധം. പക്ഷേ അവര്‍ക്കു കൂടുതല്‍ സമയം പ്രതിരോധിക്കേണ്ടി വന്നത്, എതിരാളി ബ്രസീല്‍ ആയതുകൊണ്ടു മാത്രമാണ്.
ബ്രസീല്‍ തലങ്ങലും വിലങ്ങും ആക്രമിക്കുന്നു, സെര്‍ബിയ പ്രതിരോധിക്കുന്നു, അവസരം കിട്ടുമ്പോഴൊക്കെ മടിച്ചുനില്‍ക്കാതെ അവരും പന്തുമായി മുന്നേറുന്നു എന്നതായിരുന്നു തുടക്കം മുതല്‍ക്കുള്ള സ്ഥിതി. പാസുകള്‍ക്കും അതിവേഗ നീക്കങ്ങള്‍ക്കുമൊപ്പം കളിക്കാരുടെ ഫുട്ട്വര്‍ക്കും ബ്രസീലിന് വ്യക്തമായ മേല്‍ക്കൈ നല്‍കി. നെയ്മര്‍ സ്വാതന്ത്ര്യത്തോടെ കളിച്ചെങ്കിലും കുട്ടിന്യോ തന്നെയായിരുന്നു കളിയുടെ കാരണവര്‍. ഇടതുഭാഗത്തുനിന്ന് മധ്യത്തിലേക്ക് നീങ്ങാനും ഇരുവശങ്ങളിലേക്കും പന്ത് നല്‍കാനും തരംകിട്ടുമ്പോഴൊക്കെ ആക്രമണ ഭീഷണി മുഴക്കാനും കുട്ടിന്യോക്കായി. തുറന്ന അവസരങ്ങള്‍ ജീസസ് പാഴാക്കിയപ്പോള്‍ വില്ല്യന്റെ ചുമതല, ഗോളടിക്കുക എന്നതിനേക്കാള്‍ പന്ത് മുന്നിലേക്ക് നല്‍കുക എന്നതാണെന്നു തോന്നി. ഏതായാലും അര മണിക്കൂര്‍ വരെ സെര്‍ബിയന്‍ പ്രതിരോധം കുറ്റമറ്റ രീതിയില്‍ പ്രതിരോധിച്ചു. ബോക്സിനകത്ത് ‘മുട്ടായി ഉണ്ടാക്കാന്‍’ അവര്‍ അനുവാദം നല്‍കിയതേയില്ല. ഒരു ത്രൂപാസിലൂടെയോ വണ്‍ ടു വണ്‍ മൂവിലൂടെയോ ആയിരിക്കും ബ്രസീലിന്റെ ഗോള്‍ വരിക എന്ന് തോന്നിച്ച നിമിഷങ്ങള്‍. മറുവശത്ത് മിത്രോവിച്ച് മികച്ചൊരവസരം പാഴാക്കുകയും ചെയ്തു.
ആദ്യപകുതിയുടെ രണ്ടാം അര്‍ധമായപ്പോഴേക്കും ബ്രസീലിന്റെ കളിക്ക് വേഗത ഒരല്‍പം കുറഞ്ഞതായി തോന്നി. സെര്‍ബിയ ആകട്ടെ, അതുവരെ സമര്‍ത്ഥമായി വഴിയടച്ചതിന്റ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്‍ കൃത്യസമയത്തു തന്നെ ശൂന്യതയില്‍ നിന്നെന്ന പോലെ ഗോള്‍ വന്നു. ഏകദേശം മധ്യഭാഗത്തു നിന്ന് കുട്ടിന്യോ പന്ത് ഉയര്‍ത്തിവിടുമ്പോള്‍ ഒമ്പത് സെര്‍ബിയന്‍ കളിക്കാര്‍ അയാള്‍ക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, ഏറെക്കുറെ സ്വതന്ത്രനായി ഓടിക്കയറിയ പൗളിഞ്ഞോക്ക് പന്ത് കിട്ടാന്‍ പാകത്തില്‍ കൃത്യമായിരുന്നു ആ ഡെലിവറി. അതുവരെ മുന്നോട്ടുകയറിയാ ഗോള്‍കീപ്പര്‍ പന്ത് കുത്തിയകറ്റുമെന്ന പ്രതീക്ഷയിലാവണം മൂന്നു പേരുണ്ടായിട്ടും സെര്‍ബിയന്‍ പ്രതിരോധം പൗളിഞ്ഞോയെ വെറുതെവിട്ടത്. പക്ഷേ, മുന്നോട്ട് സ്ട്രെച്ച് ചെയ്ത ഗോള്‍കീപ്പറുടെ കൈയില്‍ പന്ത് തട്ടുന്നതിന്റെ തൊട്ടുമുന്നത്തെ അര്‍ധ നിമിഷത്തില്‍ പന്തിന്മേല്‍ സ്പര്‍ശിക്കാന്‍ പൗളിഞ്ഞോക്ക് കഴിഞ്ഞു. നഗ്‌നപാദനായിരുന്നെങ്കില്‍ വിരല്‍ത്തുമ്പാകണം പന്തില്‍ കൊള്ളേണ്ടിയിരുന്നത്. പക്ഷേ, അത് ധാരാളമായിരുന്നു. നിസ്സഹായരായി നില്‍ക്കുന്ന സെര്‍ബ് കളിക്കാരെ പരിഹസിച്ചെന്ന പോലെ പന്ത് വലയിലെത്തി.
ഗോളടിച്ചതിനു ശേഷം ബ്രസീല്‍ എന്തുചെയ്യുന്നു എന്നറിയാനായിരുന്നു എനിക്ക് കൗതുകം. സ്വിറ്റ്സര്‍ലാന്റിനെതിരെ പുലര്‍ത്തിയ ആലസ്യത്തിന് അവര്‍ വലിയ വിലനല്‍കേണ്ടി വന്നതാണ്. പക്ഷേ, ഇത്തവണ ബ്രസീല്‍ ആ തെറ്റ് തിരുത്തിയതായി തോന്നി. ആക്രമണം നിര്‍ത്താനോ പന്തിന്മേലുള്ള ആധിപത്യം ഉപേക്ഷിക്കാനോ അവര്‍ തയ്യാറായില്ല. ആദ്യപകുതിയുടെ അവസാനം വരെ മഞ്ഞപ്പട ഭീഷണിയുയര്‍ത്തി.
ഇടവേളക്കു ശേഷമിറങ്ങിയ സെര്‍ബിയ മറ്റൊരു ടീമായിരുന്നു. തുടരെത്തുടരെ ആക്രമണങ്ങള്‍ നയിച്ച അവര്‍ ബ്രസീലിന്റെ പിന്‍നിരയില്‍ പരിഭ്രാന്തി പരത്തി. മിറാന്‍ഡ അക്രോബാറ്റിക് സ്‌കില്ലിലൂടെ അടിച്ചൊഴിവാക്കിയ ഫ്രീകിക്കിലും ഗോള്‍കീപ്പര്‍ വീണുകിടക്കെ മിത്രോവിച്ച് തൊടുത്ത ഹെഡ്ഡറിലും ഗോള്‍വീഴാതെ ബ്രസീല്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. എന്നാല്‍, കളിയുടെ ഗതിക്കു വിപരീതമായി ഗോള്‍നേടാന്‍ ബ്രസീലിനായതോടെ സെര്‍ബിയയുടെ കഥ കഴിഞ്ഞു. നെയ്മര്‍ തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് ഹെഡ്ഡ് ചെയ്യാന്‍ പാകത്തില്‍ സെര്‍ബിയന്‍ ബോക്സില്‍ സ്പേസ് ഉണ്ടാക്കിയ മിറാന്‍ഡക്കു കൂടി ആ ഗോളില്‍ പങ്കുണ്ട്. താന്‍ നിലത്തുവീഴുന്നതിനൊപ്പം എതിര്‍താരത്തെ കൂടി മിറാന്‍ഡ വീഴ്ത്തി. അതേസമയം, നിയര്‍ പോസ്റ്റില്‍ സില്‍വക്ക് ചാടാനും ഹെഡ്ഡര്‍ തൊടുക്കാനുമുള്ള അവസരം നല്‍കിയ ഡിഫന്‍സും ഇതില്‍ പ്രതിയാണ്. നിലത്തുവീണയാള്‍ പോരാതെ മൂന്നുപേരാണ് ഈസമയത്ത് ആ പ്രദേശത്തുണ്ടായിരുന്നത്. എന്നിട്ടും സില്‍വക്ക് യാതൊരു വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.
കുഷ്യന്‍ കിട്ടിയതോടെ കളിയെ കൊന്നുകളയുക എന്നതായിരുന്നു ബ്രസീല്‍ തന്ത്രം. എതിരാളിക്ക് പന്തു നല്‍കാതെ വണ്‍ടച്ചുമായി അവര്‍ മൈതാനം ചുറ്റിയപ്പോള്‍ കളി വിരസമായി. ആ വിരസത ടിറ്റെയുടെ കണക്കുപുസ്തകത്തില്‍ ഉള്ളതു തന്നെയായിരുന്നു. പന്തു കിട്ടാതെ എന്തു ഫുട്ബോള്‍ കളിക്കാന്‍; സെര്‍ബിയക്കാര്‍ മാനസികമായും ശാരീരികയമായും തളര്‍ന്നുകഴിഞ്ഞിരുന്നു. ഇടക്കിടെ ലോങ് ബോളുകളുമായി മഞ്ഞപ്പട ആക്രമണം നടത്തുക കൂടി ചെയ്തതോടെ ജയിക്കാനുള്ള ഇനി ഗോള്‍വഴങ്ങാതിരിക്കുക എന്ന ഗതികേടിലേക്ക് സെര്‍ബിയ സ്വയം പരുവപ്പെട്ടു. അവസാന ഘട്ടങ്ങളില്‍ ഗോളടിക്കാന്‍ വേണ്ടി നെയ്മര്‍ അനാവശ്യമായ ഡ്രിബ്ലിങുകള്‍ക്ക് മുതിര്‍ന്നില്ലായിരുന്നെങ്കില്‍ വിജയമാര്‍ജിന്‍ ഉയര്‍ന്നേനെ.
ടിറ്റെയുടെ ആക്രമാത്മക തന്ത്രങ്ങളുടെ വിജയമാണ് ബ്രസീലിന്റേത്. കളിക്കാരുടെ ശൈലിക്കും സ്‌കില്‍സിനും അനുസൃതമായിക്കൂടിയാണ് ടിറ്റെ തന്ത്രങ്ങള്‍ ഒരുക്കുന്നത്. ആവശ്യസമയത്ത് കളിയുടെ വേഗം കൂട്ടാനും കുറക്കാനും പൊസിഷനുകള്‍ മാറി എതിരാളികളെ സമ്മര്‍ദത്തിലാക്കാനും ഇതുകൊണ്ട് കഴിയുന്നു. ഒരേരീതിയില്‍ തൊണ്ണൂറു മിനുട്ടും കളിച്ച ജര്‍മനി തോറ്റിടത്താണ് ആക്രമണത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന ബ്രസീല്‍ വ്യത്യാസമുണ്ടാക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. അതേസമയം, ടിറ്റെയുടെ ഭാഗ്യം എല്ലാ പൊസിഷനുകളിലേക്കും ചേരുന്ന ലോകോത്തര കളിക്കാര്‍ ലഭ്യമാണെന്നതാണ്; മാഴ്സലോ കയറിയ ശേഷം അവിടെ വന്ന ഫിലിപ് ലൂയിസ് കളിച്ചതും നെയ്മറുമായും കുട്ടിന്യോയുമായും അയാള്‍ ലിങ്ക് ചെയ്തതും ഓര്‍ക്കുക. അര്‍ജന്റീനയുടെ പ്രതിസസന്ധി, അവര്‍ക്ക് ഉള്ള കളിക്കാരെ വെച്ച് പൊസിഷനുകള്‍ നിറക്കേണ്ടി വരുന്നു എന്നതാണ്.
രണ്ടുകാര്യങ്ങള്‍ കൂടി പറയട്ടെ; ഒന്ന് – ഇന്നലത്തെ മത്സരത്തില്‍ സെര്‍ബിയക്ക് ജയം അനിവാര്യമായതു കൊണ്ടാണ് ബ്രസീലിന് തങ്ങളുടെ ശൈലി വിജയകരമായി പരീക്ഷിക്കാനുള്ള സ്പേസ് ലഭിച്ചത്. എതിരാളികള്‍ അള്‍ട്രാ ഡിഫന്‍സീവ് ആയി കളിക്കുകയോ ഒരു ഗോള്‍ നേരത്തെ വഴങ്ങുകയോ ചെയ്യുന്ന അവസരങ്ങളില്‍ ബ്രസീല്‍ എങ്ങനെയാവും കളിക്കുക എന്നറിയാന്‍ കൗതുകമുണ്ട്. ഈ ലോകകപ്പില്‍ തന്നെ അവസരമുണ്ടാകട്ടെ എന്നാശിക്കുന്നു.
രണ്ട് – നെയ്മറിനെപ്പറ്റിയാണ്. ബ്രസീലിന്റെ ഈ ശൈലിയില്‍ അയാള്‍ ഒരു ബാധ്യതയാണ്. ടീമിന്റെ അതിവേഗ നീക്കങ്ങള്‍ അയാളുടെ കാലുകളിലെത്തുമ്പോള്‍ മന്ദഗതിയിലാകുന്നുണ്ട്. ഒരേ വേഗത്തില്‍ ഓടിക്കയറിയ സഹതാരങ്ങളെ നിരാശരാക്കുന്ന രീതിയാണത്. അനുകൂല സാഹചര്യങ്ങളില്‍ അതുകൊണ്ട് വലിയ കുഴപ്പമില്ലായിരിക്കാം. സ്‌കില്‍സും ഡ്രിബിള്‍സും അപ്രതീക്ഷിത പാസുകളുമൊക്കെയായി അയാള്‍ എതിരാളികളെ വിഷമിപ്പിക്കുന്നുണ്ട് എന്നതും ശരിയാണ്. പക്ഷേ, ആ പൊസിഷനില്‍ കുട്ടിന്യോയുമായി കുറച്ചുകൂടി വേഗതയില്‍ ലിങ്ക് ചെയ്യുന്ന ഒരു യൂട്ടിലിറ്റി പ്ലേയര്‍ ആയിരുന്നെങ്കില്‍ എതിര്‍ഗോള്‍മുഖത്ത് ഭീഷണിയൊഴിഞ്ഞ നേരമുണ്ടാകില്ല.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports19 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

