Connect with us

Video Stories

കേരളത്തെ മദ്യാലയമാക്കാന്‍ സര്‍ക്കാറിന്റെ കുറുക്കുവഴി

Published

on

ഇയാസ് മുഹമ്മദ്

മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കിയെങ്കിലും ബ്രൂവറി വിവാദത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഇപ്പോഴും ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ബ്രൂവറി ഇടപാടില്‍ മുഖ്യമന്ത്രിതന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദുരവസ്ഥ സംജാതമാകുകയും ചെയ്തിരിക്കുന്നു. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. ഈ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ അഴിമതിക്കറ സര്‍ക്കാരിന്റെ നെറ്റിയില്‍ മായാതെ കിടക്കുകയാകും ഫലം. അഴിമതി ശീലമല്ലെന്ന അവകാശവാദത്തിന്റെ വിപരീതാര്‍ത്ഥത്തിലേക്ക് സി.പി.എമ്മിന്റേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ന്നടിയും.
തുടക്കം മതുല്‍ ഒടുക്കം വരെ ദുരൂഹത കത്തിനില്‍ക്കുന്നുവെന്നതാണ് ബ്രൂവറി ഇടപാടിലെ സവിശേഷത. മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും നടത്തിയ പ്രസ്താവനകളും അനുമതിയുമായി ബന്ധപ്പെട്ട രേഖകളും പരസ്പര പൂരകങ്ങളല്ലെന്ന് മാത്രമല്ല, വൈരുധ്യം നിറഞ്ഞതുമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രൂവറി, ഡിസ്റ്റിലറി ഇടപാടില്‍ സുതാര്യത ഇല്ലെന്ന് കാട്ടി ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇപ്പോഴും ഭരണകൂടത്തിന്റെ ഇടനാഴികളില്‍ അലയടിക്കുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളാകട്ടെ വസ്തുതകള്‍ പൂര്‍ണമായി മറച്ചുവെച്ച് നടത്തിയ അസത്യ പ്രസ്താവങ്ങളായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന തെളിവുകള്‍. പുതിയ വെളിപ്പെടുത്തലുകളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രൂവറികള്‍ക്ക് അനുമതി നല്‍കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം പൂര്‍ണമായും ക്രമവിരുദ്ധമായിരുന്നുവെന്ന് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്.
2016ല്‍ അബ്കാരി നയത്തിന്റെ പേരില്‍ അനുമതി നിഷേധിച്ച അപ്പോളോ ഡിസ്റ്റിലറീസിന് 2018ല്‍ അനുമതി നല്‍കിയ നടപടിയെ വ്യാഖ്യാനിക്കാനോ ന്യായീകരിക്കാനോ സര്‍ക്കാരിന് ഇതുവരെ പറഞ്ഞ ന്യായവാദങ്ങള്‍കൊണ്ട് സാധിക്കില്ല. ഒരേ മന്ത്രി തന്നെ ഇങ്ങനെ രണ്ടു വിധത്തില്‍ ഉത്തരവിടുന്നത് ചരിത്രത്തില്‍ അപൂര്‍വമെന്നല്ല, ആദ്യത്തെ സംഭവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വാങ്ങിയ അപേക്ഷയിലാണ് അപ്പോളോ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി എന്നാണ് എക്‌സൈസ് വകുപ്പ് അവകാശപ്പെട്ടത്. ഇതേ എക്‌സൈസ് വകുപ്പാണ് അബ്കാരി നയത്തിന്റെ പേരില്‍ ബ്രൂവറി അനുവദിക്കാന്‍ കഴിയില്ലെന്ന് കാട്ടി 2016ല്‍ അപ്പോളോ ഡിസ്റ്റിലറീസിന് ബ്രൂവറിക്കുള്ള അനുമതി നിഷേധിച്ചത്. 2010ലും 2015ലും അപ്പോളോ ഡിസ്റ്റിലറീസ് ബ്രൂവറിക്കായി അപേക്ഷ നല്‍കിയിരുന്നു. രണ്ട് അപേക്ഷകളും അബ്കാരി നയത്തിന്റെ പേരില്‍ നിരസിച്ചു. എന്നാല്‍ അബ്കാരി നയത്തില്‍ ഭേദഗതി വരുത്താതെ കഴിഞ്ഞ ജൂണ്‍ 28ന് സര്‍ക്കാര്‍ അപ്പോളോ ഡിസ്റ്റിലറീസിന് ബ്രൂവറിക്ക് അനുമതി നല്‍കുകയായിരുന്നു. പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി എന്നാണ് കഴിഞ്ഞ ജൂണ്‍ 28ന് ജി ഒ (ആര്‍.ടി) നമ്പര്‍ 461/2018 ആയി ഉത്തരവിറങ്ങിയത്. മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് അനുമതി നിഷേധിച്ച അതേ എക്‌സൈസ് മന്ത്രി തന്നെ അതേ സ്ഥാപനത്തിന്, അതേ സ്ഥലത്ത്, അതേ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് അനുമതി നല്‍കി. 2016ല്‍ അനുമതി നിരസിക്കാന്‍ കാരണമായി പറഞ്ഞ അബ്കാരി നയം 1999ലെ സര്‍ക്കാര്‍ ഉത്തരവാണ്. 1996ല്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചതിനെതുടര്‍ന്ന് ബിയറും വിദേശ മദ്യവും ഉത്പാദിപ്പിക്കുന്നതിന്‌വേണ്ടി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് 125 അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തി. കൂടുതല്‍ അപേക്ഷകര്‍ വന്നതോടെ ഒരു ഉദ്യോഗസ്ഥ കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷം ആര്‍ക്കും അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 99 ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നിഷേധിച്ചത്. ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ അപ്പോളോ ഡിസ്റ്റിലറീസിന്റെ അപേക്ഷ എക്‌സൈസ് വകുപ്പും മന്ത്രിയും തള്ളിയത്.
ബ്രൂവറിയോ, ഡിസ്റ്റിലറിയോ തുടങ്ങാന്‍ എക്‌സൈസ് വകുപ്പിനാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ ഇത്തവണ അപ്പോളോ ഡിസ്റ്റിലറീസ് അപേക്ഷ നല്‍കിയത് മുഖ്യമന്ത്രിക്കാണ്. അപ്പോളോ ഡിസ്റ്റിലറീസിന്റെ ഉടമ പുരുഷോത്തമനുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കേയാണ് മുഖ്യമന്ത്രി പുരുഷോത്തമനില്‍നിന്നും അപേക്ഷ സ്വീകരിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന് കൂടിക്കാഴ്ചക്ക് സമയം നല്‍കാതിരുന്ന മുഖ്യമന്ത്രി മദ്യ രാജാവ് പുരുഷോത്തമനെ സ്വീകരിച്ചിരുത്തി അപേക്ഷ സ്വീകരിച്ചുവെന്ന സത്യത്തെ എന്ത് ന്യായംകൊണ്ടാണ് ഇനി സര്‍ക്കാരും സി.പി.എമ്മും പ്രതിരോധിക്കാന്‍ പോകുന്നത്.
കടുത്ത ജലക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് മുഖ്യമന്ത്രി വാങ്ങിയ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ നല്‍കിയത്. വി.എസ് അച്യുതാതനന്ദന്‍ മത്സരിച്ച് ജയിച്ച മലമ്പുഴ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശമാണ് എലപ്പുള്ളി. മഴക്കാലത്ത്‌പോലും കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന പ്രദേശമാണിത്. ഭൂഗര്‍ഭ ജലനിരപ്പ് താണതിനാല്‍ കിണര്‍ വെള്ളമെന്നത് എലപ്പുള്ളിയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞകാല ഓര്‍മ മാത്രമാണ്. ഇനി ഒരിക്കലും തിരികെവരാന്‍ സാധ്യതയില്ലാത്ത സ്വപ്‌നവും. ഇങ്ങനെയൊരു പ്രദേശത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കാന്‍ ഒരു കമ്പനിക്ക് അനുമതി നല്‍കുകയെന്ന ജനവിരുദ്ധ നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ഇഷ്ടക്കാര്‍ക്ക് ഏത് ചൂഷണവും നടത്താന്‍ വഴിവെട്ടുന്നവരായി ഇടതുമുന്നണി സര്‍ക്കാര്‍ മാറിയെന്നതിന് തെളിവ് കൂടിയാണിത്.
ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇടതുമുന്നണിയോ, മന്ത്രിസഭയോ ചര്‍ച്ച ചെയ്യാതെ, നിഗൂഢമായി നിലവിലിരിക്കുന്ന അബ്കാരി നയത്തില്‍ മാറ്റംവരുത്തി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച നടപടി സര്‍ക്കാരിന്റെ വഴിവിട്ട നീക്കമെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പോലും സംശയ നിഴലില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്നിലെ വഴി. ബാര്‍ കോഴയുടെ പേരില്‍ ആരോപണമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരിനെ സംബന്ധിച്ച് അന്വേഷണത്തില്‍നിന്നും വഴുതിമാറാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകുമ്പോള്‍ പാലിക്കേണ്ട മര്യാദ മാത്രമാണത്.
എന്നാല്‍ മറ്റൊരു സര്‍ക്കാരും മുതിരാത്ത കടുംവെട്ടിനാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഭിപ്രായമെന്ന നിലയക്ക് കൂടുതല്‍ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇപ്പോള്‍ ബിവറേജസ് കോര്‍പറേഷന്‍വഴി വിതരണം ചെയ്യുന്ന മദ്യം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ഇത് സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനെന്ന പേരില്‍ കൂടുതല്‍ മദ്യോല്‍പാദന ശാലകള്‍ തുറക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രഹസ്യമായി നല്‍കിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കുമുള്ള അനുമതി റദ്ദാക്കിയത്, നടപടിക്രമം പാലിച്ച് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ വേണ്ടിയെന്ന നിലയാണ് ഉണ്ടായിരിക്കുന്നത്.
മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന ഇടതുമുന്നണി നയം വ്യാഖ്യാനിച്ചാണ് കൂടുതല്‍ മദ്യോല്‍പാദന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്. വിവാദത്തെപോലും തങ്ങളുടെ നിലപാടുകള്‍ക്ക് അനുസൃതമായി വളച്ചൊടിക്കാനും മുന്നോട്ടുപോകാനുമുള്ള അനിതരസാധാരണ കഴിവാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. മദ്യ രാജാക്കന്മാര്‍ക്ക് തടിച്ചുകൊഴുക്കാന്‍ കേരളത്തെ തീറെഴുതുന്ന ഇടതു സര്‍ക്കാരിന്റെ മദ്യനയം ഭാവി കേരളത്തെ സംബന്ധിച്ച് അശാസ്യമല്ല. നവകേരള നിര്‍മിതിക്ക് ഈ രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ കേരളം പിന്നോട്ടായിരിക്കും സഞ്ചരിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending