X

ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എസ്.എഫ്

കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ വേദി നിര്‍ണ്ണയിച്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ നീക്കം രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തകതും ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എസ്.എഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐയാണ് ജയിച്ചതെങ്കിലും കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് യു.ഡി.എസ്.എഫ് മുന്നണിയുടെ പ്രതിനിധിയായി നജ്മുസ്സാഖിബ് ബിന്‍ അബ്ദുള്ള അല്‍ കബീര്‍ഖാനാണ് ജയിച്ചത്. കഴിഞ്ഞ തവണ മലപ്പുറവും കോഴിക്കോടും യു.ഡി.എസ്.എഫും ബാക്കി മുഴുവനും എസ്്.എഫ്.ഐ പ്രതിനിധികളായിരുന്നു. അതിന് മുന്നെയുള്ള മൂന്ന് വര്‍ഷം വയനാട്, തൃശ്ശൂര്‍, പാലക്കാട് എന്നിവ എസ്.എഫ്‌ഐയും ബാക്കി മുഴുവന്‍ സീറ്റിലും യു.ഡി.എസ്.എഫുമാണ് ജയിച്ചിരുന്നത്.

എന്നാല്‍ അക്കാലങ്ങളില്‍ എസ്.എഫ്.ഐ ജയിച്ച മുഴുവന്‍ സോണലുകളിലും അവര്‍ ആവശ്യപ്പെട്ട ക്യാമ്പസില്‍ അവര്‍ തന്നെയാണ് കലോത്സവങ്ങള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം യു.ഡി.എസ്.എഫ് ജയിച്ച മലപ്പുറത്തും കോഴിക്കോടും യു.ഡി.എസ്.എഫ് നേതൃത്വത്തിലാണ് കലോത്സവം നടത്തിയത്. ഏത് സംഘടനയാണോ ജില്ല പ്രതിനധിയെ ജയിപ്പിച്ചത് ആ സംഘടനയാണ് കലോത്സവങ്ങള്‍ നടത്താറുള്ളത് മുന്‍ കാലങ്ങളില്‍ ഈ മാന്യത തുടര്‍ന്നിരുന്നു. ഫണ്ട് അനുവദിക്കുന്നതിലും പോലും ഈ മര്യാദ കാണിച്ചിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ തിരഞ്ഞടുപ്പ് ഭേദഗതിക്ക് ശേഷം ജില്ലാ എക്‌സിക്യുട്ടീവിനെ തിരഞ്ഞടുക്കുന്നത് അതാത് ജില്ലകളിലെ യു.യു.സിമാരാണ്. യൂണിവേഴ്‌സിറ്റി ബൈലോ അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതിന്ന് ശേഷം സോണല്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം വഹിക്കേണ്ടത് അതത് ജില്ലകളുടെ എക്‌സിക്യുട്ടീവുമാരാണ്. കൂടാതെ സോണല്‍ കലോത്സവങ്ങളുടെ വേദി നിര്‍ണ്ണയിക്കേണ്ടതിന്റെ പരമാധികാരി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമാണ്.

തുടര്‍ന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് നജ്മുസ്സാഖിബ് കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി വടകര മടപ്പള്ളി കോളേജിലും വേദി അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് അപേക്ഷ നല്‍കി. എന്നാല്‍ രണ്ട് അപേക്ഷ വന്ന പശ്ചാത്തലത്തില്‍ സ്റ്റുഡന്റ് ഡീനിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കോഴിക്കോട് ഗവ. ആട്‌സ് കോളേജില്‍ വെച്ച് നടത്താന്‍ തീരുമാനമാവുകയായിരുന്നു. പ്രസ്തുത തീരുമാനം സ്റ്റുഡന്റ് ഡീന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവ് എന്നിവര്‍ ഒപ്പിട്ട് വൈസ് ചാന്‍സിലര്‍ക്ക് കൈമാറുകയും ഉണ്ടായി.
എന്നാല്‍ മധ്യസ്ഥ തീരുമാനത്തില്‍ നിന്നും വിഭിന്നമായി ഇന്നലെ വൈകുന്നേരം മടപ്പള്ളി കോളേജില്‍ വെച്ച് എസ്.എഫ്.ഐ സ്വാഗതസംഘം ചേരുകയായിരുന്നു. യൂണിവേഴ്‌സിറ്റി പെര്‍മിഷനില്ലാതെയാണ് എസ്.എഫ്.ഐ ജനാതിപത്യ വിരുദ്ധമായ നീക്കം നടത്തിയത്.

അതേസമയം നിലവില്‍ കലോത്സവ വേദി സംബന്ധിച്ച് യൂണിവേഴ്‌സിറ്റി തീരുമാനമായിട്ടില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിഹാരത്തിന് തയ്യാറായിട്ടും എസ്.എഫ്.ഐ ജില്ലാ നേതൃത്വം തുടരുന്ന പിടിവാശിയാണ് പ്രശങ്ങള്‍ക്ക് കാരണം.
എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇന്ന് വൈകുന്നേരത്തിനകം പ്രശ്‌നത്തില്‍ തീരുമാനം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, കെ.എസ്.യു ജില്ലാ വൈസ്.പ്രസിഡന്റ് റമീസ് പി.പി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ജില്ലാ ട്രഷറര്‍ കെ.പി സൈഫുദ്ദീന്‍, നജ്മുസ്സാഖിബ് (ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), സ്വാഹിബ് മുഖദാര്‍ (മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), ഷമീര്‍ പാഴൂര്‍ (മുന്‍ വൈസ്.ചെയര്‍മാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.

chandrika: