ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ‘ചേയ്ഞ്ചിങ് ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ സിങ്.
എന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രി എന്നാണ് വിളിക്കുന്നത്. എന്നാല്‍ വിവാദമായ ഒരു വിഷയത്തിലും മോദി പ്രതികരിക്കാതിരിക്കുമ്പോള്‍ തന്നെ നിശ്ശബ്ദനായ പ്രധാനമന്ത്രിയെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മന്‍മോഹന്‍ സിങ് തുറന്നടിച്ചു.

‘ഞാന്‍ ഒരു നിശ്ശബ്ദ പ്രധാനമന്ത്രി ആയിരുന്നെന്ന് ആളുകള്‍ പറയുന്നത്, എന്നാല്‍ ഈ വാല്യങ്ങള്‍ (അദ്ദേഹത്തിന്റെ പുസ്തകമായ ചേയ്ഞ്ചിങ് ഇന്ത്യ) അതിനെതിരെ സ്വയം സംസാരിക്കൂമെന്നാണ് ഞാന്‍ കരുതുന്നത്, പുസ്തക പ്രകാശനത്തിനിടെ മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ പേടിയുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല ഞാന്‍. പത്ര പ്രവര്‍ത്തകരെ പതിവായി കണ്ടിരുന്നു. ഓരോ വിദേശ പര്യടനു ശേഷം വിമാനത്തില്‍ അല്ലെങ്കില്‍ അതില്‍ നിന്നും ഇറങ്ങിയ ശേഷം ഞാന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു, മന്‍മോഹന്‍ പറഞ്ഞു.

2014 ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തതിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ വെല്ലുവിളിയെ ഉറപ്പിക്കുന്നതായിരുന്നും ഡോ.സിങിന്റെ പ്രസ്താവന. ” ഒരു ദിവസം ശ്രമിച്ച് നോക്കൂ. കാരണം നിങ്ങള്‍ക്ക് നേരെ ചോദ്യങ്ങളെറിയുന്നത് തമാശയാവും” എന്നായിരുന്നു രാഹുലിന്റെ കളിയാക്കല്‍.

‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ബിജെപിയുടെ വിമര്‍ശനത്തിനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മറുപടി പറയാന്‍ മറന്നില്ല.

ഞാന്‍ ഇന്ത്യയുടെ ആകസ്മിക പ്രധാനമന്ത്രി മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ആകസ്മിക ധനമന്ത്രി കൂടി ആയിരുന്നെന്നും മോദി സര്‍ക്കാറിന്റെ നിലവിലെ സാമ്പത്തിക ഭരണ പരാജയത്തെ മുന്‍നിര്‍ത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ ഡോക്ടര്‍ സിങ് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശവും സ്വാന്ത്ര്യത്തെയും സംരക്ഷിക്കേണ്ടതായിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഉണ്ടാകേണ്ടത് നല്ല ബന്ധമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം പക്ഷേ അവയെല്ലാം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.