X

CAREER CHANDRIKA: വൈവിധ്യമാര്‍ന്ന കോഴ്‌സുകളുമായി കുസാറ്റ് വിളിക്കുന്നു

അക്കാദമിക രംഗത്ത് മികവാര്‍ന്ന സംഭാവനകളര്‍പ്പിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ടിരിക്കുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (കുസാറ്റ്) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ നിരവധി വിദേശ സര്‍വകലാശാലയുമായി പഠന ഗവേഷണ മേഖലയില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച കുസാറ്റ് പ്ലേസ്‌മെന്റ്റിന്റെ കാര്യത്തിലും ഏറെ മികവ് പുലര്‍ത്തുന്ന ശ്രദ്ധേയ സ്ഥാപനമാണ്.

പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും 2023 ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും പ്രവേശനം
നേടാവുന്ന കോഴ്‌സുകള്‍

സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആന്‍ഡ് ഫയര്‍, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്, പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയിറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്നീ ബ്രാഞ്ചുകളില്‍ നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക്) പ്രോഗ്രാം

ഫോട്ടോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് എന്നീ സ്‌പെഷ്യലൈസേഷനോടെയുള്ള കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് (എം.എസ്സി) പ്രോഗ്രാം.

അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ബിബിഎ എല്‍എല്‍ബി(ഓണേഴ്‌സ്), ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ ബിസിനസ് പ്രോസസ്സ് ആന്‍ഡ് ഡാറ്റ അനലറ്റിക്‌സില്‍ ത്രിവത്സര ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി.വോക്) പ്രോഗ്രാം
ഡിപ്ലോമ, ഡിഗ്രി, പിജി, പി.എച്ച്ഡി എന്നിവ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവയുമുണ്ട്. തൃക്കാക്കര (ക്യാമ്പസ് 1), പുളിങ്കുന്ന് (ക്യാമ്പസ് 2), ലൈക്ക് സൈഡ് എന്നീ 3 ക്യാമ്പസുകളിലായാണ് കുസാറ്റിലെ കോഴ്‌സുകളുള്ളത്

ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശനത്തിന് ഫെബ്രുവരി 26 വരെയും (പിഴയോടെ മാര്‍ച്ച് 6 വരെ) എംടെക് പ്രവേശനത്തിന് ഏപ്രില്‍ 8 വരെയും (പിഴയോടെ ഏപ്രില്‍ 17 വരെ) https://admissions.cusat. ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം
ബി.ടെക് പ്രോഗ്രാമിനും ഫോട്ടോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്,മാത്തമാറ്റിക്‌സ്,ഫിസിക്‌സ്, കെമിസ്ട്രി എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്‌സുകളുടെ പ്രവേശനത്തിനും മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പ്ലസ്ടുവിന് പഠിച്ചിരിക്കണം. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പ്ലസ്ടുവിന് പഠിച്ചവര്‍ക്കാണ് ബയോളജിക്കല്‍ സയന്‍സിലെ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമിന് പ്രവേശനം ലഭിക്കുക

മറൈന്‍ എന്‍ജിനീയറിങ് ഒഴികെയുള്ള ബി.ടെക് പ്രോഗ്രാമുകള്‍, ഇന്റഗ്രേറ്റഡ് എം.എസ്സി, എല്‍എല്‍.ബി, ബി.വോക് കോഴ്‌സുകള്‍, എന്നിവയുടെ പ്രവേശനം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT 2023) വഴിയാണ് നടക്കുക. തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സുകള്‍ക്ക് അനുസരിച്ച് ടെസ്റ്റ് കോഡില്‍ വ്യത്യാസം വരും. മറൈന്‍ എന്‍ജിനീയറിങ് എന്ന റെസിഡെന്‍ഷ്യല്‍ ബി.ടെക് കോഴ്‌സിന് പ്രവേശനം ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET 2023) വഴിയാണ്. ഈ കോഴ്‌സിന് പ്രവേശനം ആഗഹിക്കുന്നവര്‍ അപേക്ഷ ക്ഷണിക്കുന്ന മുറക്ക് ഇഋഠ 2023 ന് അപേക്ഷിക്കാനും റാങ്ക്‌ലിസ്റ്റ് കുസാറ്റ് വെബ്‌സൈറ്റില്‍ യഥാസമയം അപ്ലോഡ് ചെയ്യാനും ശ്രദ്ധിക്കണം.

ബി.ബി.എ./ബി.കോംഎല്‍എല്‍.ബി(ഓണേഴ്‌സ്) കോഴ്‌സുകള്‍ക്ക് ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ടിനും പൊതുവായ പ്രവേശന പരീക്ഷയാണുള്ളത് (CAT ടെസ്റ്റ് കോഡ് 201). ബി. വോക് (ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ്) പ്രവേശനത്തിന് മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം (CAT ടെസ്റ്റ് കോഡ് 103).

ഓരോ കോഴ്‌സിനും യോഗ്യതാ പരീക്ഷയില്‍ ലഭിക്കേണ്ട മാര്‍ക്ക് നിബന്ധന സംബന്ധിച്ച വിവരം പ്രോസ്‌പെക്ടസിലുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രില്‍ 29, 30 മേയ് 1 തിയതികളില്‍ നടക്കും.എം.ടെക്, എം.ബി.എ പ്രവേശനത്തിനായി കുസാറ്റ് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നില്ല. ഗേറ്റ്, ഐ.ഐ.എം നടത്തുന്ന ക്യാറ്റ്, മറ്റു പ്രവേശന പരീക്ഷകളായ സിമാറ്റ്, കെമാറ്റ്, എന്നിവയിലെ സ്‌കോറുകള്‍ പരിഗണിക്കും. പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനത്തിന് അതത് വകുപ്പുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

webdesk11: