കൊല്ലം: കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെയും അമ്മയേയും കയ്യേറ്റം ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേസ് ഒത്ത് തീര്‍ത്ത് ഗണേഷിനെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് യുവാവിന്റെ അമ്മ ഷീന പറയുന്നു. ഇതല്ലാതെ വേറെ വഴിയില്ല. കേസ് അവസാനിപ്പിക്കണം എന്നാണ് കുടുംബാംഗങ്ങളെല്ലാം ആവശ്യപ്പെടുന്നത്. നാട്ടിലെത്തിയ ഭര്‍ത്താവ് ഇപ്പോള്‍ ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടുണ്ട്. മകന്റെ ഭാവിയെ ഓര്‍ത്താണ് കേസില്‍ നിന്നും പിന്മാറുന്നതെന്നും ഷീന പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ നേരത്തെ അഞ്ചലിലെ വീട്ടിലെത്തി ഷീനയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട് വിദേശത്തുള്ള ഷീലയുടെ ഭര്‍ത്താവ് നാട്ടിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തേയും കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ഷീനയുടേയും കുടുംബത്തിന്റേയും തീരുമാനം.

ഈ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുന്നത്. അഞ്ചലിലെ എന്‍.എസ്.എസ് ഭാരവാഹികള്‍ വഴി ബാലകൃഷ്ണപ്പിള്ള നടത്തിയ ഇടപെടലിലൂടെയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നത്. കേസുണ്ടെങ്കില്‍ ഷീനയുടെ മകനും കേസിലെ മുഖ്യസാക്ഷിയുമായ അനന്തകൃഷ്ണന് വിദേശത്ത് പോകാനും മറ്റുമുള്ള ബുദ്ധിമുട്ടുകളും പ്രാദേശിക നേതാക്കളുടേയും എന്‍.എസ്.എസ് നേതൃത്വത്തിന്റേയും നിരന്തരമായുള്ള ഇടപെടലുമാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിലേക്ക് നീങ്ങുന്നത്. ഇപ്പോള്‍ നാട്ടിലുള്ള ഷീലയുടെ ഭര്‍ത്താവ് തിങ്കളാഴ്ച്ച രാവിലെ തിരിച്ചു പോകും എന്നതിനാല്‍ ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും.