അഹമ്മദ് ശരീഫ് പി.വി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന യു.പി തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ കൊണ്ട് ആര്‍ക്കൊക്കെ ഇത്തവണ അടി തെറ്റുമെന്ന് പറയാന്‍ വയ്യാത്ത സ്ഥിതിയാണ്. പ്രവചനങ്ങള്‍ അനുസരിച്ചാണെങ്കില്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമാണ്. അതായത് പ്രത്യക്ഷത്തില്‍ കളത്തില്‍ ബി.ജെ.പിയും എസ്.പിയും മാത്രമേ ഉള്ളൂ എന്നതാണ് പ്രതീതി. മായാവതിയുടെ ബി.എസ്.പിക്ക് 10ല്‍ താഴെയും പ്രിയങ്ക കഠിനാധ്വാനം ചെയ്തിട്ടും കോണ്‍ഗ്രസിന് 10-20 സീറ്റുകളും മാത്രമാണ് ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പിക്കുന്നത്. കാര്യങ്ങള്‍ ഇവ്വിധമാണ് പരിണമിക്കുന്നതെങ്കില്‍ യോഗി-യാദവ് യുദ്ധത്തില്‍ വരുംനാളുകളില്‍ പയറ്റുകള്‍ പലതും കാണേണ്ടിവരും.

യു.പി ഉയര്‍ത്തുന്ന ചോദ്യം അതു മാത്രമാണ്. യു.പിയില്‍ ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് ബി. ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ആണയിടുമ്പോഴും ആ വീമ്പു പറച്ചിലിന് പതിവ് ശക്തിയില്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും കരുതിയിരുന്നതുപോലെ ബി.ജെ.പിക്ക് എല്ലാം സുഖമമായി പോവുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. തുടര്‍ ഭരണം ഉറപ്പുണ്ടെങ്കില്‍ ആ ഉറപ്പ് ആദ്യം ഉണ്ടാവേണ്ടത് ബി.ജെ.പി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമാണ്. എന്നാല്‍ അവര്‍ക്കതില്ല എന്നതാണ് വസ്തുത. അതിനാലാണ് ബി.ജെ.പിയെ പിടിച്ചുലച്ചു പാര്‍ട്ടിയിലെ പ്രമുഖര്‍ കൂടുമാറുന്നത്. ഇത് രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റംവരുത്തും.

യു.പി ജാതി രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമാണ്. മറ്റു പല സംസ്ഥാനങ്ങളേക്കാളും അതുകൊണ്ട്തന്നെ തിരഞ്ഞെടുപ്പില്‍ ജാതി വളരെ നിര്‍ണായകവുമാണ്. അഖിലേഷിന് ഇതില്‍ സമര്‍ഥമായ ഫോര്‍മുല ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. യു.പിയിലെ ജാതി രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പോടെ മാറിയേക്കും. എന്‍.ഡി.എയുടെ സഖ്യകക്ഷികളായിരുന്ന ജാതി പാര്‍ട്ടികളെല്ലാം മറുകണ്ടം ചാടിക്കഴിഞ്ഞു. അപ്‌നാദളിന്റെ അനുപ്രിയ പട്ടേലിന്റെ ഘടകം ഒഴികെയുള്ള ജാതി സംഘടനകളെല്ലാം എസ്.പിക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. ജാതി പാര്‍ട്ടികളും മറ്റു പിന്നാക്ക വിഭാഗം നേതാക്കളും ബി.ജെ.പി വിട്ടതോടെ ജാതിയെ വിട്ട് എല്ലാ ഹിന്ദുക്കളേയും ഹിന്ദുത്വ എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ തളയ്ക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ കൂടിയാണ് പിഴച്ചത്. ഇതിനെ തീവ്ര ഹിന്ദുത്വംകൊണ്ട് മറികടയ്ക്കാന്‍ ബി.ജെ.പിയുടെ പ്രചാരണം ഏതു രീതിയിലായിരിക്കുമെന്നാണ് ഇനി കാണേണ്ടത്. വലിപ്പം കൊണ്ടും സീറ്റുകളുടെ എണ്ണം കൊണ്ടും മാത്രമല്ല യു.പി രാജ്യ ചരിത്രത്തില്‍ നിര്‍ണായകമാവുന്നത്. 79.75 ശതമാനം ഹിന്ദുക്കളും 19.25 ശതമാനം മുസ്‌ലിംകളും മറ്റെല്ലാവരും ചേര്‍ന്നാല്‍ ഒരു ശതമാനത്തിന് താഴെ വരുന്ന സംസ്ഥാനമാണിത്. ദേശീയ രാഷ്ട്രീയത്തില്‍ യു.പി ഭിന്നമാകുന്നത് ഈ കാരണത്താലാണ്. രാജ്യത്ത് മുസ്‌ലിംകള്‍ 13.5-14 ശതമാനമാണെങ്കില്‍ യു.പിയില്‍ ഇത് 19.25 ശതമാനമാണ്. സംഘടിത ശക്തിയല്ലെന്നത് മറ്റൊരു കാര്യം. സങ്കീര്‍ണത അവിടെ തീരുന്നില്ല. പിന്നാക്കക്കാര്‍ 44 ശതമാനവും ദലിതര്‍ 20 ശതമാനവുമാണ് ജനസംഖ്യയില്‍. ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്്‌റു മുതല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച പല നേതാക്കളും യു.പിയില്‍ നിന്നായിരുന്നു. യു.പി എന്നും ദേശീയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മുതല്‍ കര്‍ഷക കൂട്ടക്കുരുതിയും ദലിത് പീഡനങ്ങളുമടക്കം യോഗി ആദിത്യനാഥും ബി.ജെ.പിയും നേരിടുന്നത് വലിയ ചോദ്യങ്ങളാണ്. ഇതിനെ ജാതി സമവാക്യങ്ങളും തീവ്ര ഹിന്ദുത്വയും സമന്വയിപ്പിച്ച് മറികടക്കാമെന്ന ബി.ജെ.പി മോഹമാണ് ചെറു കക്ഷികളും ഒ.ബി.സി നേതാക്കളും കൂടൊഴിഞ്ഞതോടെ അവസാനിച്ചത്.

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ച് സ്വന്തം ലോകം വിശാലമാക്കാനുള്ള തിരഞ്ഞെടുപ്പു കൂടിയാണിത്. യു.പിയില്‍ തിളക്കമാര്‍ന്ന വിജയം കണ്ടാല്‍ സ്വാഭാവികമായും മോദിയുടെ പിന്‍ഗാമിയായി ദേശീയ രാഷ്ട്രീയത്തില്‍ വാഴ്ത്തപ്പെടും. പരാജയപ്പെട്ടാല്‍ ഹിന്ദുത്വ ഫയര്‍ ബ്രാന്‍ഡ് എന്ന ലേബലും ഒപ്പം രാഷ്ട്രീയ ഭാവിയും ചോദ്യം ചെയ്യപ്പെടും. എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായി സ്വാഭാവികമായും ചിത്രീകരണം വരുന്നതോടെ ഇത്തവണ അപ്രസക്തമാവുക മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയായിരിക്കും. (ബി.എസ്.പി) 2007ല്‍ 202 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2017ല്‍ 19ലേക്ക് കൂപ്പുകുത്തിയതുകൊണ്ടു മാത്രമല്ല. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ രണ്ടാമതെത്തിയതും ബി.എസ്.പിയായിരുന്നു. 80ല്‍ 62 ബി.ജെ.പി നേടിയപ്പോള്‍ 10 എണ്ണം ജയിച്ച് രണ്ടാമത്. വിശാല സഖ്യം നയിച്ച അഖിലേഷ് അഞ്ചിടത്ത് ഒതുങ്ങി. വോട്ടു വിഹിതത്തിലും രണ്ടാമത് തന്നെയായിരുന്നു ബി.എസ്.പി. ബി.ജെ.പി 49.98 ശതമാനം. ബി.എസ്.പി 19.43 ശതമാനം, എസ്.പിക്ക് 18 ശതമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മായാവതി ഇത്തവണ മത്സര രംഗത്തേക്കില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകഴിഞ്ഞു. മായാവതിക്കൊപ്പം ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്രയും ഇറങ്ങുന്നില്ല. അങ്ങനെയെങ്കില്‍ ബി.എസ്.പി വോട്ടുകള്‍ ആര്‍ക്കു പോകുമെന്നത് ഏറെ കൗതുകകരമാണ്. എസ്.പിയിലേക്കോ ബി.ജെ.പിയിലേക്കോ ഈ വോട്ടുകള്‍ വിഭജിക്കപ്പെട്ടേക്കാം. മായാവതിയുടെ ആന മെലിയുമ്പോള്‍ പല സമുദായങ്ങള്‍ക്കും കൂട്ടത്തോടെ താവളം മാറേണ്ടിവരികയാണ്. തിരഞ്ഞെടുപ്പിന് ശേഷം മായാവതിയുടെ രാഷ്ട്രീയ കരിയറില്‍ കാര്യമായ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരുപക്ഷേ ബി.എസ്.പി തന്നെ അവസാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. 2007ല്‍ 30.46 ശതമാനം വോട്ടും 202 സീറ്റും നേടി വന്‍ പ്രകടനം കാഴ്ച വെച്ച ശേഷം 2012ല്‍ അതേ സ്ഥാനത്തേക്ക് എസ്.പി കയറി വന്നു. 2017ല്‍ മുസഫര്‍ നഗര്‍ കലാപാനന്തരം യു.പിയിലുണ്ടായ വര്‍ഗീയ ധ്രുവീകരണ ഫലമായി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തൂത്തൂവാരല്‍ ബി.ജെ.പിയാണ് നടത്തിയത്. 86 സംവരണ സീറ്റുകളുള്ള യു.പിയില്‍ 63 സീറ്റുകള്‍ 2007ല്‍ ബി.എസ്.പിക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 2017ല്‍ 63 സീറ്റുകള്‍ ബി.ജെ.പിക്കൊപ്പം പോയപ്പോള്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമായി ബി.എസ്.പി ചുരുങ്ങുകയും ചെയ്തു. സംവരണ മണ്ഡലങ്ങളില്‍ പോലും വലിയ മാറ്റമാണ് സംഭവിച്ചത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ മായാവതിയുടെ പാര്‍ട്ടിയുടെ സോഷ്യല്‍ എഞ്ചിനീയറിങിനെ കൃത്യമായി ബി.ജെ.പി ഉപയോഗപ്പെടുത്തിയെന്നു പറയേണ്ടിവരും. മായാവതിക്കൊപ്പം ഉറച്ചുനിന്നിരുന്ന പല ജാതികളെയും കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു. ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മായാവതിക്ക് പഴയ പോലെ ജാതികളുടെ പിന്തുണ ഇല്ല. സ്വന്തം വോട്ടു ബാങ്കായ ദലിത് വോട്ടുകള്‍ പോലും ബി.എസ്.പിയില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞു. മായവതിക്ക് നാലു വട്ടം മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ശക്തികൊണ്ടാണ്. ആ സമവാക്യങ്ങള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നത്. ബി.എസ്.പിക്ക് നഷ്ടമായതെന്തോ അതായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പിക്ക് നേട്ടമായതെങ്കില്‍ ഇത്തവണ ശുക്രന്‍ തെളിഞ്ഞിരിക്കുന്നത് അഖിലേഷിനാണ്. ചെറുതും വലുതുമായി 18 പാര്‍ട്ടികള്‍ ഒപ്പമുണ്ടെങ്കിലും (ഏറെയും ജാതി സംഘടനകള്‍) അഖിലേഷ് ഏറെക്കുറെ ഒറ്റക്കാണ് നയിക്കുന്നത്. സംസ്ഥാനത്താകെ സ്വാധീനമുള്ള വേറെ നേതാക്കള്‍ അധികമില്ലതാനും. വിശാല സഖ്യം നേരത്തെ തന്നെ തകര്‍ന്നതിനാല്‍ ഏറെക്കുറെ മുഴുവന്‍ സീറ്റുകളിലും എസ്.പി മത്സരിക്കുമെന്ന് പറയാം. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുസ്‌ലിം മുഖമായിരുന്ന ഇംറാന്‍ മസൂദ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എസ്.പിയിലെത്തിയതോടെ ന്യൂനപക്ഷ വോട്ടുകളും ഈ വഴിക്ക് തന്നെയാണ്. യു.പിയില്‍ വിജയകരമായി നേരത്തെ പരീക്ഷിച്ച എസ്.പിയുടെ ഒരു ഫോര്‍മുലയുണ്ട്- ‘എം.വൈ’ എന്ന ഫോര്‍മുല. അഥവാ മുസ്്‌ലിം യാദവ് കൂട്ടുകെട്ട്. ഈ വിഭാഗങ്ങള്‍ക്കൊപ്പം ചരണ്‍ സിങിന്റെ കൊച്ചു മകന്റെ പാര്‍ട്ടിയായ ആര്‍.എല്‍.ഡിയെ കൂടി കൂടെ നിര്‍ത്തിക്കൊണ്ട് ജാട്ട് മേഖലയിലും സ്വാധീനമുറപ്പിക്കാന്‍ അഖിലേഷിനായിട്ടുണ്ട്. രാം അചല്‍ രജ്ബര്‍, ഓംപ്രകാശ് രജ്ബര്‍, സുഖ്‌ദേവ് രജ്ബര്‍ തുടങ്ങിയ രജ്ബര്‍ സമുദായത്തിലെ പ്രമുഖര്‍ ഇത്തവണ എസ്.പിക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. വരാണസി മുതല്‍ ബല്ലിയ വരെയുള്ള ഡിവിഷനുകളില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഈ നേതാക്കള്‍ക്ക് കഴിയും. 2014ലും 17ലും ഈ നേട്ടമായിരുന്നു ബി.ജെ.പിയെ സഹായിച്ചത്. ബി.ജെ.പി വിട്ട് എസ്.പിയില്‍ ചേര്‍ന്ന ഒ.ബി.സി നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് ചെറു സമുദായങ്ങളുടെ കൂട്ടായ്മയായ മൗര്യ സമുദായത്തെ കൂട്ടിപ്പിടിക്കാന്‍ കെല്‍പുണ്ട്. ചന്ദൗലി മുതല്‍ സഹാറന്‍പൂര്‍ വരെയുള്ള ഏതാണ്ട് എല്ലാ ജില്ലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കാവുന്ന തിരിച്ചടികളില്‍ ഒന്നിതായിരിക്കും. സമാജ് വാദി പാര്‍ട്ടിയുടെ ഒരു കാലത്തെ തട്ടകമായിരുന്ന കനൗജ്, ഇറ്റാവ തുടങ്ങിയ മേഖലയില്‍ മഹാന്‍ പാര്‍ട്ടിയെ കൂടെ കൂട്ടുക വഴി നേട്ടമാക്കാനും എസ്.പി ശ്രമിക്കുന്നുണ്ട്. യു.പിയിലും കര്‍ഷക സമരം ഒരു വിഷയമാണ്. 10 കോടി ജനതക്കെങ്കിലും ജീവിതോപാധി കര്‍ഷകവൃത്തിയാണ്. പ്രക്ഷോഭം നടന്നത് ഡല്‍ഹിയിലാണെങ്കിലും അലയൊലികള്‍ യു.പിയിലും തീര്‍ത്തിട്ടുണ്ട്. ലഖീംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് കര്‍ഷക സമരക്കാരെ കാറിടിപ്പിച്ച് കൂട്ടക്കുരുതി നടത്താന്‍ നേതൃത്വം നല്‍കിയതെന്നത് കര്‍ഷകരെ ബി.ജെ.പിക്കെതിരാക്കി മാറ്റിയിട്ടുണ്ട്.

പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചും യു.പി നിര്‍ണായകമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളി ആരായിരിക്കുമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും. രാഹുലും പ്രിയങ്കയുമടക്കം മുന്നില്‍ നിന്നു നയിക്കാന്‍ കെല്‍പുള്ളവരാണോ എന്നതിന്റെ കൂടി ടെസ്റ്റ് ഡോസാണ് യു.പി. യോഗിക്ക് സീറ്റ് കുറയുന്നതോടൊപ്പം കോണ്‍ഗ്രസ് നേടുന്ന സീറ്റുകള്‍ ആ പാര്‍ട്ടിയുടെ ഭാവി കൂടി തീരുമാനിക്കും. നിലവില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം വന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ട്. യോഗി സര്‍ക്കാറിനോടുള്ള ജനരോഷമടക്കം കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്ന ധാരാളം പേര്‍ യു.പിയിലുണ്ട്. എങ്കില്‍ പോലും ഇതൊക്കെ വോട്ടായി മാറുമോ എന്നതാണ് പ്രശ്‌നം. ഒരു കാലത്ത് ബ്രാഹ്മണ, മുസ്്‌ലിം, ദലിത് വോട്ടുകളായിരുന്നു കോണ്‍ഗ്രസിന്റെ ബലമെങ്കില്‍ മണ്ഡല്‍ രാഷ്ട്രീയം വന്നതോടെ ഇതിന് ഏറെക്കുറെ അവസാനമായി. ഒ.ബി. സി, ദലിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നു. തിരഞ്ഞെടുപ്പില്‍ എസ്.പി വിജയിക്കുകയാണെങ്കില്‍ മാത്രമേ യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് സ്‌കോപ്പുണ്ടോ എന്ന് പറയാനാവൂ. ബി.ജെ.പിയുടെ എത്ര സീറ്റുകള്‍ കുറക്കാന്‍ എസ്.പിക്ക് കഴിയുമെന്നതാണ് ചോദ്യം. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെ.പിയെ അകറ്റുമോ? കര്‍ഷക രോഷം ഭരണത്തിനെതിരായി വോട്ടായി മാറുമോ?. എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനും അടിയൊഴുക്കുളും ധ്രുവീകരണവുമടക്കം എന്താണ് സംഭവിക്കുക എന്നറിയാനും മാര്‍ച്ച് പത്ത് വരെ കാത്തിരിക്കണം.