ന്യൂഡല്‍ഹി: ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി. അലോക് വര്‍മയോടും സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് പകരം ചുമതല. ഡയരക്ടറുടെ എല്ലാ ചുമതലകളും റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സി.ബി.ഐ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് സര്‍ക്കാറിനും സി.ബി.ഐക്കും തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. അലോക് വര്‍മക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധിയുണ്ട്. 2017 ല്‍ ഡല്‍ഹി പൊലീസ് കമ്മീഷണറായിരിക്കെയാണ് അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടറാക്കി നിയമിച്ചത്.