ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആരോപണ വിധേയനായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിന് കോടതി വിലക്ക്. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അസ്താന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.ബി.ഐ ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്താനയും ഹര്‍ജി നല്‍കിയത്.

അതേസമയം, അസ്താനയെ ചുമതലകളില്‍ നിന്ന് നീക്കിയതായി സൂചനയുണ്ട്. അസ്താനയെ ചുമതലകളില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.