Connect with us

kerala

മറ്റുള്ളവര്‍ക്കായി ജീവിച്ച പൂക്കോയ തങ്ങള്‍-പൂക്കോയ തങ്ങളെ ഹൈദരാബാദ് ആക്ഷന്‍ നടപടിയുടെ ഭാഗമായി അറസ്റ്റ്‌ചെയ്ത സംഭവമിന്നും മായാതെ പലരുടെയും മനോമുകുരത്തില്‍ തെളിയുന്നുണ്ട്

തനിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നിഘണ്ടുവില്‍ ‘സുഖമില്ല’എന്നൊരു വാക്കുണ്ടായിരുന്നില്ല.

Published

on

ഇ. സാദിഖലി

സയ്യിദ് ഹുസൈന്‍ ഇബ്‌നു മുഹ്‌ളാര്‍ ആറ്റക്കോയ തങ്ങളുടെ പുത്രനായിരുന്ന സയ്യിദ് അഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നറിയപ്പെടുന്ന പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം വളര്‍ന്നതും ജീവിച്ചതും പിതൃസഹോദരനായിരുന്ന സയ്യിദ് അലി പൂക്കോയ തങ്ങളുടെ സംരക്ഷണത്തിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പാണക്കാട് സ്‌കൂളിലാണ് നിര്‍വഹിച്ചത്. പഠനകാലത്ത് തന്നെ അദ്ദേഹത്തില്‍ ചില സവിശേഷതകള്‍ ദൃശ്യമായിരുന്നു. ഇതുകാരണം ജനങ്ങളദ്ദേഹത്തെ കാണാന്‍ വരിക പതിവായി. ഇത് പഠനത്തെ ബാധിക്കുമെന്നായപ്പോള്‍ വളര്‍ത്തു പിതാവ് ഇടപെട്ട് സന്ദര്‍ശകരെ നിയന്ത്രിച്ചുവെന്ന് മാത്രമല്ല മതപഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മതപഠനം പൂര്‍ത്തിയാക്കി കൊടപ്പനക്കല്‍ സ്ഥിര താമസമാക്കിയപ്പോഴേക്കും പരക്കെ അറിയപ്പെട്ട വ്യക്തിത്വമായി.

തനിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നിഘണ്ടുവില്‍ ‘സുഖമില്ല’എന്നൊരു വാക്കുണ്ടായിരുന്നില്ല. ഏത് പ്രതിസന്ധിയിലും സന്ദര്‍ശകരെ അദ്ദേഹം സ്വീകരിക്കുമായിരുന്നു. മരിക്കുന്ന ദിവസം വരെ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനദ്ദേഹം വൈമുഖ്യം കാണിച്ചിരുന്നില്ല. മാരകമായ രോഗത്തോട് മല്ലടിച്ച് വേദന കടിച്ചിറക്കിയ ദിവസങ്ങളിലും സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിട്ടും അദ്ദേഹം, തന്നെ സമീപിച്ച ആരെയും നിരാശരാക്കിയില്ല. സ്വതസിദ്ധമായ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു. രോഗബാധിതനായി കിടപ്പിലായപ്പോഴും വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെത്തിയ ആബാലവൃന്ദം ജനങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. തന്നെ കാണാന്‍ വരുന്നവരെ വിലക്കരുതെന്ന ആവശ്യത്തിന്മുമ്പില്‍ അല്‍ഭുതമുറ്റിയ മിഴികളോടെ ഭിഷഗ്വരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. പാണക്കാട് തങ്ങളുടെ പരമമായ ദൈവ ഭക്തിയും കര്‍മ്മാനുഷ്ഠാനങ്ങളിലുള്ള നിഷ്ഠയും അദ്ദേഹത്തിന്റെ അനുയായികളുടെ മാത്രമല്ല, ഇതര മതവിശ്വാസികളുടെയും സ്‌നേഹാദരങ്ങള്‍ സമാര്‍ജ്ജിച്ചിരുന്നു. കരുത്തനായൊരു രാഷ്ട്രീയ നേതാവും സര്‍വരാലും അംഗീകരിക്കപ്പെട്ട നീതിമാനും ആത്മീയ ഭിഷഗ്വരനുമായിരുന്ന പൂക്കോയ തങ്ങളെ ഹൈദരാബാദ് ആക്ഷന്‍ നടപടിയുടെ ഭാഗമായി അറസ്റ്റ്‌ചെയ്ത സംഭവമിന്നും മായാതെ പലരുടെയും മനോമുകുരത്തില്‍ തെളിയുന്നുണ്ട്.

മലബാറിന്റെയും തെക്കന്‍ കര്‍ണാടകത്തിന്റെയും ചിലഭാഗങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ നടത്തിയ കൊലകളും കൊള്ളകളും ചെറുക്കുന്നതിലും അട്ടിമറി പ്രവര്‍ത്തനങ്ങളില്‍നിന്ന് മുസ്‌ലിംകളെ അകറ്റിനിര്‍ത്തുന്നതിലും മുസ്‌ലിംലീഗ് നേതാക്കള്‍ കാണിച്ച അമൂല്യവും നിര്‍ണായകവുമായ സേവനങ്ങള്‍ ജില്ലാധികൃതരുടെ ഔദ്യോഗിക രേഖകളില്‍ തെളിഞ്ഞ് കിടപ്പുണ്ട്. എന്നിട്ടും മുസ്‌ലിംലീഗിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും അതിന്റെ നേതാക്കളോട് പക പോക്കുകയായിരുന്നു. അതിന്റെ ഭാഗമെന്നോണം സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ പൊലീസ് നടപടിയായ പൊലീസ് ആക്ഷന്‍ 1948ല്‍ ഹൈദരബാദിലുണ്ടായതിനെതുടര്‍ന്ന് മുസ്‌ലിംലീഗിന്റെ പലരെയും കല്‍തുറുങ്കിലടച്ചു. പൂക്കോയ തങ്ങളെയും ഇതില്‍ അറസ്റ്റ് ചെയ്തു.
കുഞ്ഞബ്ദുള്ള എന്ന പേരില്‍ മലപ്പുറം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരനാണ് കണ്ണീര്‍ വാര്‍ത്ത്‌കൊണ്ട് തങ്ങള്‍ അറസ്റ്റിലാണെന്നും ഏതാനും സമയത്തിനകം മഞ്ചേരിയിലേക്ക് കൊണ്ട്‌പോകുമെന്നുമുള്ള കാര്യമറിയിച്ചത്. മഞ്ചേരി സബ് മജിസ്‌ട്രേറ്റ് മുമ്പാകെ തങ്ങള്‍ ഹാജരാക്കപ്പെട്ടു. അവിടെനിന്ന് വിചാരണക്ക്‌ശേഷം മഞ്ചേരി സബ് ജയിലിലേക്കയക്കുകയും ചെയ്തു. ഇതിനിടയില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് മഞ്ചേരിയിലേക്ക് കൊണ്ടുപോയെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരുന്നു.
ഏറനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രിയപ്പെട്ട നേതാവിനെ കാണുന്നതിന് ജനങ്ങള്‍ മഞ്ചേരിയിലേക്ക് ഒഴുകി. അവര്‍ പൂക്കോയ തങ്ങളെ അറസ്റ്റ്‌ചെയ്ത നടപടിയില്‍ അമര്‍ഷം കൊണ്ടു. ക്ഷുഭിതരായ ജനക്കൂട്ടത്തെ തങ്ങള്‍ തന്നെ ശാന്തമാക്കി. ‘എല്ലാം ദൈവ വിധി പോലെ നടക്കും. നിങ്ങള്‍ ശാന്തമായി പിരിഞ്ഞ്‌പോകണം.’ മഹാനായ നേതാവിന്റെ മാസ്മര ശക്തിയുള്ള വാക്കുകള്‍ ജനങ്ങളെ നിശബ്ദരാക്കി. അവര്‍ പിരിഞ്ഞ്‌പോവുകയും ചെയ്തു. രണ്ട് ദിവസത്തിന്‌ശേഷമാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. രണ്ടാഴ്ചക്കാലം ജയിലില്‍ കഴിച്ച്കൂട്ടിയ തങ്ങളെ പിന്നീട് വിട്ടയച്ചു.

 

kerala

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്

Published

on

പനി ബാധിച്ച് എഴുപതുകാരിയായ ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ചെത്തിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്. ഉമൈബാക്ക് ആശുപത്രിയിൽ വേണ്ട പരിചരണം നൽകിയില്ലെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

25 ദിവസം മുമ്പ് പനി ബാധിച്ച് നടന്നാണ് ഉമൈബ ആശുപത്രിയിൽ എത്തിയത്. വാർഡിൽ അഡ്മിറ്റ്‌ ചെയ്ത ശേഷം പിന്നീട് അസുഖം മൂർച്ഛിച്ചു. തലച്ചോറിൽ അണുബാധ ഉണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉമൈബയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ടോടെയാണ് ഉമൈബ മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അറിയിച്ചത്. തുടർന്നായിരുന്നു പ്രതിഷേധം. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് മുതൽ

വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (16-05-2024) മുതൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.

മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Continue Reading

kerala

ഹജ്ജ് സെൽ പ്രവർത്തനം ഇന്നുമുതൽ

സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക

Published

on

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചുള്ള ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്‌ച തുടങ്ങും. റിട്ട. എസ്.പി. യു. അബ്ദു‌ൾ കരീമിൻ്റെ നേതൃത്വത്തിൽ 99 പേരാണ് ഹജ്ജ് സെല്ലിൽ ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക.

തീർഥാടകരുടെ യാത്രാരേഖകളും ലോഹവള, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും ഹജ്ജ് സെൽ മുഖേനയാണ് വിതരണം ചെയ്യുന്നത്. തീർഥാടകർ ക്യാമ്പിലെത്തുന്ന മുറയ്ക്ക് സെൽ കൗണ്ടറിലെത്തി പാസ്പോർട്ടും മറ്റു സാമഗ്രികളും വാങ്ങണം. വിസ സ്റ്റാമ്പ് ചെയ്ത തീർഥാടകരുടെ പാസ്പോർട്ട് ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. അധികസീറ്റിൽ ഒടുവിൽ അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ മാത്രമാണ് എത്താനുള്ളത്. ഇവ അടുത്ത ദിവസങ്ങളിൽ എത്തും.

20-ന് രാവിലെ 10 മണിക്ക് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. 21-ന് പുലർച്ചെ 12.05-ന് ആദ്യ വിമാനം പുറപ്പെടും. എയർ ഇന്ത്യാ എക്‌സ്പ്രസിൻ്റെ ഐ.എക്സ്. 3011 വിമാനത്തിൽ 166 തീർഥാടകരാണ് ജിദ്ദയിലേക്ക് യാത്രയാകുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടു വിമാനങ്ങൾകൂടി ആദ്യദിവസം സർവീസ് നടത്തും.

25 വരെയുള്ള 15 വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ യാത്രാവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കരിപ്പൂരിൽനിന്ന് 10,430-ഉം കൊച്ചിയിൽ നിന്ന് 4273-ഉം കണ്ണൂരിൽ നിന്ന് 3135-ഉം തീർഥാടകർക്ക് നിലവിൽ അവസരം ലഭിച്ചിട്ടുണ്ട്.

Continue Reading

Trending