ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്നറിയിപ്പു സന്ദേശങ്ങളോടൊപ്പം ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. നാഷണല്‍ ടുബാക്കോ സെസ്സേഷന്‍ ക്വിറ്റ് ലൈനിന്റെ 1800227787 എന്ന നമ്പറാണ് ഉള്‍പ്പെടുത്തുക. ലഹരിക്ക് അടിമപ്പെട്ട് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പിന്‍തുണയും ഈ നമ്പറില്‍ വിളിച്ചാല്‍ ലഭിക്കും. പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ ആരോഗ്യത്തിനു ദോഷകരമാണെന്ന മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ 2015 സെപ്തംബറില്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. മുന്നറിയിപ്പ് സന്ദേശങ്ങളോടൊപ്പം ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള ചിത്രങ്ങളും ടോള്‍ഫ്രീ നമ്പറുകളും ഉള്‍പ്പെടുത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. 2016-17വര്‍ഷത്തെ ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേയില്‍ രാജ്യത്തെ യുവാക്കളിലെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ ആറ് ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.