‌ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ആവേശം നിറച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. സര്‍ക്കാര്‍ സ്വേച്ഛാധിപതി ആയാല്‍ ജനം തെരുവില്‍ ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സിംഗ്ലു അതിര്‍ത്തിയില്‍ കര്‍ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘ഏതെങ്കിലും ഒരു ഗവണ്‍മെന്റ് ഏകാധിപതിയാകുന്നുവെങ്കില്‍ ജനം തെരുവില്‍ ഇറങ്ങണം. ഈ പ്രസ്ഥാനത്തെ നാണംകെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. കര്‍ഷകരെ പിന്തുണയ്ക്കാനാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. അവസാനം വരെ അവര്‍ക്കൊപ്പമുണ്ടാകും’ – എന്നായിരുന്നു ആസാദിന്റെ വാക്കുകള്‍.

അതിനിടെ, വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ഷായുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ചര്‍ച്ച. വിജ്ഞാന്‍ ഭവനില്‍ കര്‍ഷകരും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്.

ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധം എട്ടാം ദിനത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പിന്തുണയുമായി ഡല്‍ഹിയിലേക്ക് വരുന്നുണ്ട്. സര്‍ക്കാര്‍ ഈയിടെ കൊണ്ടു വന്ന കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.