ഡല്‍ഹി: രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദളിതര്‍ക്ക് അതിക്രമങ്ങളെ നേരിടാന്‍ ആയുധം കൈവശം വയ്ക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് ഉടന്‍ ആയുധ ലൈന്‍സ് നല്‍കണം. തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ആസാദിന്റെ ട്വീറ്റ്.

‘സ്വയം പ്രതിരോധം തീര്‍ത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതര്‍ക്ക് ഉടന്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങള്‍ സ്വയം പ്രതിരോധം തീര്‍ത്തോളം’ ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.