വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ ഉള്‍കൊള്ളുന്നിടത്താണ് ഒരു ബഹുസ്വര സമൂഹത്തിന്റെ വിജയവും കെട്ടുറപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇക്കാലമത്രയും സംരക്ഷിച്ചുപോന്ന ആ യാഥാര്‍ത്ഥ്യത്തെ തച്ചുടക്കാനാണ് ഏക സിവില്‍ നിയമത്തിന്റെ പേരു പറഞ്ഞ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വീണ്ടും സൂത്രങ്ങള്‍ മെനയുന്നത്. ഏക സിവില്‍ കോഡ് സംബന്ധിച്ച് ജനാഭിപ്രായം സ്വരൂപിക്കാനെന്ന പേരില്‍ കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ അപേക്ഷയും മുത്തലാഖ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും ഈ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്.

ഏക സിവില്‍കോഡ് എന്നത് ഭരണഘടനയുടെ 44ാം വകുപ്പ് പ്രകാരം രാജ്യഭരണത്തിനുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ വ്യത്യസ്തമായ സിവില്‍ വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് മൗലികാവകാശങ്ങളുടെ കരുത്തിലാണ്. ഒന്ന് സുനിശ്ചിതമായും ഉറപ്പാക്കേണ്ട അവകാശങ്ങളും മറ്റൊന്ന് സാധ്യതകള്‍ പരിശോധിക്കേണ്ട നിര്‍ദേശവും മാത്രമാണ്. അവകാശങ്ങളെ തല്ലിത്തകര്‍ത്ത് നിര്‍ദേശങ്ങളെ പ്രതിഷ്ഠിക്കുക എന്നത് പ്രായോഗികമായോ നിയമപരമായോ നിലനില്‍ക്കാത്ത കുത്സിത അജണ്ട മാത്രമാണ്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പിന്തുടരാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരം രാജ്യത്തെ ഓരോ പൗരന്റെയും മൗലികാവകാശമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് മത, ധാര്‍മ്മിക, ഭൗതിക വിദ്യാഭ്യാസത്തിനായി സ്വന്തം നിലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമായിത്തന്നെ 26ാം വകുപ്പു പ്രകാരം ഭരണഘടന വകവെച്ചു നല്‍കുന്നുണ്ട്. മതന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനാണ് വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനാ പ്രകാരം തന്നെ സംരക്ഷണം നല്‍കിയിരിക്കുന്നത്.
അതിനെ ഇല്ലാതാക്കി പൊതു സിവില്‍ നിയമം സ്ഥാപിക്കുക എന്നത് രാജ്യത്തിന്റെ മതേതരത്വത്തെ തച്ചുടക്കാനും ഏകരാഷ്ട്ര സങ്കല്‍പമെന്ന സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വിവാഹം, വിവാഹമോചനം, മരണാനന്തര ചടങ്ങുകള്‍, സ്വത്തുക്കളുടെ ഭാഗംവെക്കല്‍ എന്നിവക്കെല്ലാം മതന്യൂനപക്ഷങ്ങള്‍ അവരുടേതായ രീതികള്‍ പിന്തുടര്‍ന്നുവരുന്നുണ്ട്. അതാവട്ടെ മതവിശ്വാസത്തിന്റെ ഭാഗമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന മുസ്്‌ലിംവ്യക്തി നിയമത്തിന്റെ അടിസ്ഥാനം ശരീഅത്ത് ആണ്. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ രൂപപ്പെടുത്തിയതല്ല ശരീഅത്ത്.
മതവിശ്വാസത്തിന്റെ ആധാര ശിലകളായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും(സുന്നത്ത്) അടിസ്ഥാനമാക്കിയുള്ളതാണ്. അത് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമോ സാധ്യമോ അല്ല. ശരീഅത്തില്‍നിന്നുള്ള വ്യതിചലനം വിശ്വാസത്തില്‍നിന്നുള്ള വഴിമാറലാണ്. വ്യക്തിനിയമങ്ങള്‍ക്ക് വിരുദ്ധമായി പൊതുസിവില്‍കോഡ് അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പിന്തുടരാനുമുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്. വിശ്വാസത്തിനും മൗലികാവകാശത്തിനും മതേതരത്വത്തിനും എതിരെ ഒരുപോലെയുള്ള കടന്നുകയറ്റമാണ് അത്. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പൊതുസിവില്‍കോഡ് നീക്കത്തെ എതിര്‍ക്കുന്നതും ചെറുക്കുന്നതും.
വ്യക്തിനിയമങ്ങള്‍ പ്രയോഗിക്കപ്പെടുന്നതില്‍ പാളിച്ചകള്‍ ഉണ്ടാകാം. അത് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാ നിയമങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും അപരാധികള്‍ രക്ഷപ്പെടുന്നതും അര്‍ഹതപ്പെട്ടവന് അവകാശപ്പെട്ടത് നിഷേധിക്കുമ്പോള്‍ അനര്‍ഹര്‍ക്ക് മുന്നില്‍ ആനുകൂല്യങ്ങളുടെ പാനപാത്രങ്ങള്‍ നീളുന്നതും നിയമങ്ങളുടെ ഈ പ്രയോഗവല്‍ക്കരണത്തിലെ പാളിച്ചകള്‍ കാരണമാണ്.
പാളിച്ചകളെ ആ രീതിയില്‍തന്നെ കാണാനും തിരുത്താനുമുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അതിനു പകരം ഒറ്റപ്പെട്ട പാളിച്ചകള്‍ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് ശരീഅത്ത് ഒന്നടങ്കം തെറ്റാണെന്ന് സമര്‍ത്ഥിക്കാനാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മുത്തലാഖ് നിരോധം സംബന്ധിച്ച് സുപ്രീംകോടതി മുമ്പാകെ വന്ന കേസു പോലും ഇത്തരമൊരു സൃഷ്ടിയാണ്. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്നു വന്ന ഹര്‍ജി, ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുത്തലാഖ് വിഷയത്തെ മുന്നില്‍ നിര്‍ത്തി ശരീഅത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഒളിപ്പോര് നടത്തുന്നത്.
തീവ്രവര്‍ഗീയചുവയുള്ള വിഷയങ്ങളെ സംവാദമാക്കി മാറ്റുകയും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കുകയും ചെയ്യുക എന്നത് എല്ലാ തെരഞ്ഞെടുപ്പു കാലത്തും ബി.ജെ.പിയും സംഘ്പരിവാറും പയറ്റുന്ന തന്ത്രമാണ്. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്തിലും മുസഫര്‍നഗറിലും അസമിലും അരങ്ങേറിയ കലാപങ്ങളും ദലിത് വേട്ടയും ബീഫ് വിവാദങ്ങളുമെല്ലാം ആ തന്ത്രത്തിന്റെ സൃഷ്ടിയായിരുന്നു. 2017ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പൊതുസിവില്‍കോഡ് ഉയര്‍ത്തിക്കാട്ടിയുള്ള ബി.ജെ.പിയുടെ ഇപ്പോഴത്തെ കരുനീക്കം. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര ഇന്ത്യയുടെ നിലനില്‍പ്പും ഭദ്രതയും സ്വപ്‌നം കാണുന്ന ഓരോ പൗരനും സ്വന്തം നിലയില്‍ കടമകള്‍ നിറവേറ്റേണ്ടതുണ്ട്.
മതേതര ഇന്ത്യ എന്ന ബഹുവര്‍ണപൂന്തോട്ടം നിറവും സൗന്ദര്യവും മങ്ങാതെ എക്കാലവും നിലനില്‍ക്കുന്നതിന് രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്തതാണ് വിശ്വാസ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമെല്ലാം. അവയുടെ നിലനില്‍പ്പ് തന്നെയാണ് മതേതര ഇന്ത്യയുടെ നിലനില്‍പ്പും.