രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ സംവിധാനങ്ങളെയാകെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല കേന്ദ്രഭരണകൂടം ജുഡീഷ്യറിയുടെമേല്‍കൂടി കുതിര കയറിയിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ തീരുമാനത്തിലൂടെ. ജുഡീഷ്യറിയുടെ ഉന്നത സംവിധാനമായ സുപ്രീം കോടതിയിലേക്ക് ചീഫ് ജസ്റ്റിസുള്‍പ്പെടെ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം ശിപാര്‍ശ ചെയ്ത ന്യായാധിപനെ നിയമിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

രാജ്യത്തെ മുതിര്‍ന്ന ന്യായാധിപന്മാരിലൊരാളും നീതിനിര്‍വഹണത്തില്‍ അര്‍പ്പിതമനസ്‌കനെന്നു പേരുകേട്ട വ്യക്തിത്വത്തിനുടമയുമായ ജസ്റ്റിസ് കെ.എം ജോസഫിനെയാണ് കേന്ദ്രം ഒറ്റ ഉത്തരവിലൂടെ തഴഞ്ഞിരിക്കുന്നത്. പതിനാലു കൊല്ലം മുമ്പ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി, നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന മലയാളിയായ കെ.എം ജോസഫിന് കേന്ദ്രം കണ്ട കുറവ് മുമ്പ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ഒരു നിയമ വിരുദ്ധ ഉത്തരവ് റദ്ദാക്കിയെന്നതാണ്. 2016 ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയത് ജസ്റ്റിസ് ജോസഫായിരുന്നു. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന ആളെ തന്നെ നിയമിക്കാന്‍ വ്യവസ്ഥയില്ലെങ്കിലും രാജ്യത്തെ ഉന്നതരായ അഞ്ച് ന്യായാധിപന്മാര്‍ ചേര്‍ന്ന് ശിപാര്‍ശ ചെയ്തയാളെ നിരസിക്കാന്‍ മാത്രം എന്ത് താല്‍പര്യവും വിവരവുമാണ് സര്‍ക്കാരിനുള്ളതെന്ന് ആലോചിക്കുമ്പോള്‍ അതിനുപിന്നിലെ ബി.ജെ.പിയുടെ അധമമായ മനോനിലയാണ് പുറത്തുവരുന്നത്.

ജനുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയം ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് ആദ്യമായും ഇന്ദുമല്‍ ഹോത്രയുടെ പേര് രണ്ടാമതായും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിലേക്ക് ശിപാര്‍ശക്കത്ത് അയക്കുന്നത്. അതിന്മേല്‍ നാലുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നപ്പോള്‍തന്നെ കേന്ദ്രത്തിന്റെ മനോഭാവത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇത്തരമൊരു ശിപാര്‍ശ കൊളീജിയത്തില്‍നിന്ന് ലഭിച്ചാല്‍ കേന്ദ്ര നീതിന്യായ മന്ത്രാലയവും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ അത് അതേപടി അംഗീകരിക്കുകയാണ് പതിവ്. രാജ്യത്തിന്റെ കീഴ്‌വഴക്കവും അതുതന്നെയാണ്. പ്രാപ്തികൊണ്ട് രാജ്യത്തെ മറ്റേതൊരു മുതിര്‍ന്ന ജഡ്ജിമാരെക്കാളും സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യതയും അനുയോജ്യനുമായ വ്യക്തിയാണ് ജസ്റ്റിസ് ജോസഫെന്ന് കൊളീജിയത്തിന്റെ ശിപാര്‍ശക്കത്തില്‍ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ദുമല്‍ഹോത്രയാകട്ടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക മാത്രമാണുതാനും. ഇവരുടെ പേര് സ്വീകരിക്കുകയും ജസ്റ്റിസ് ജോസഫിന്റെ പേര് തള്ളിക്കളയുകയുമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതിന് സര്‍ക്കാര്‍ പറഞ്ഞ ന്യായമാണ് വൈരുധ്യം നിറഞ്ഞത്. ജസ്റ്റിസ് ജോസഫ് രാജ്യത്തെ 42-ാമത്തെ മുതിര്‍ന്ന ജഡ്ജിയാണെന്നും കേരള ഹൈക്കോടതിയില്‍ നിന്ന് ജഡ്ജിയായ മറ്റൊരാള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയായി ഉണ്ട് എന്നുമാണത്. മുമ്പും കൊളീജിയവും കേന്ദ്ര സര്‍ക്കാരും സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലല്ല മറിച്ച്, യോഗ്യതയുടെയും ആത്മാര്‍ത്ഥതയുടെയും മികവിന്റെയും വിശുദ്ധിയുടെയും ഒക്കെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലടക്കം ജഡ്ജിമാരുടെ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാതെയല്ല, സ്വന്തം താല്‍പര്യ സംരക്ഷകരെ ജുഡീഷ്യറിയുടെ ഉന്നത പീഠങ്ങളില്‍ കയറ്റിയിരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ കത്തനുസരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അറിഞ്ഞാണത്രെ ജസ്റ്റിസ് ജോസഫിന്റെ ഈ പുറംതള്ളല്‍. ഇതുപ്രകാരം ഇന്ദുമല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും അവര്‍ ഇന്നലെ ചുമതലയേല്‍ക്കുകയും ചെയ്തിരിക്കുകയാണ്.

ഇതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പങ്കാണ് ഏറെ പരിഹാസ്യമായിട്ടുള്ളത്. ജസ്റ്റിസ് ജോസഫിനെ തഴഞ്ഞതിനെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് കൊളീജിയത്തിന്റെ ശിപാര്‍ശ തിരിച്ചയക്കാന്‍ അധികാരമുണ്ടെന്ന് വിധിച്ചു. ഭരണഘടനാപരമായി അതിന് സാധുത ഉണ്ടെങ്കിലും ചീഫ് ജസ്റ്റിസിന്റെ അടുത്ത കാലത്തുള്ള പല നിലപാടുകളും കേന്ദ്ര സര്‍ക്കാരിന്റെ മനോഗതിക്കനുസരിച്ചുള്ളതാണെന്ന പരാതി പരക്കെയുള്ളതാണ്. ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരില്‍വെച്ച് കൊല ചെയ്യപ്പെട്ട സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം പോലും വേണ്ടെന്ന് വിധിച്ചവരില്‍ ഒരാളാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര. ഇദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ രണ്ടിന് തീരാനിരിക്കെ നിയമനം നീട്ടി നല്‍കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിച്ചുവരികയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കാനും രാജ്യത്തിന്റെ മത സൗഹാര്‍ദം തകര്‍ത്ത് കാലുഷ്യം വിതറാനും ഉദ്ദേശിച്ച് അയോധ്യയില്‍ രാമക്ഷേത്രം പണിയാരംഭിക്കാനിരിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാരവും. ബാബരി മസ്ജിദ് കേസില്‍ അടുത്തമാസം സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ സ്വാധീനം അതില്‍ പ്രകടമായേക്കും.

ജസ്റ്റിസ് മിശ്ര സ്വന്തമായി ഏകാധിപതിയെപോലെ, തനിക്കിഷ്ടമുള്ള ബെഞ്ചുകളിലേക്ക് തനിക്കിഷ്ടമുള്ള കേസുകള്‍ വിടുന്നുവെന്ന് ജസ്റ്റിസ് ലോയയുടെ കാര്യത്തില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചത് വാര്‍ത്താസമ്മേളനം വിളിച്ചാണ്. കഴിഞ്ഞ ദിവസവും രണ്ട് മുതിര്‍ന്ന ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ കേവലം നീതിന്യായ വ്യവസ്ഥയുടെ സംസ്ഥാപനമല്ല, ഫാസിസ്റ്റ്-നാസിസ്റ്റ് രീതിയിലുള്ള സ്വേച്ഛാധിപത്യ ഭരണരീതിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. മത്തന്‍ കുത്തിയിട്ടാല്‍ കുമ്പളം മുളക്കില്ലെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം ഗുജറാത്തിലെ രണ്ടായിരത്തോളം പേരുടെ വംശീയ കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തയാളുകളാണ് സഹസ്രാബ്ദങ്ങളുടെ മതേതരപാരമ്പര്യമുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുന്നത് എന്നത്. ജനം കൈവെള്ളയില്‍ വെച്ചുനീട്ടിത്തന്ന അധികാരം ഭരണത്തിലായാലും നിയമനിര്‍മാണ സഭയിലായാലും നാടിന്റെ അവസാന അത്താണിയായ ജുഡീഷ്യറിയിലായാലും അത്തരക്കാര്‍ അവരുടെ മനോനില പ്രകാരം പ്രയോഗിക്കുകതന്നെ ചെയ്യും. രാജ്യത്തെ പ്രതിപക്ഷത്തെ ഉന്നത നേതാവിനെ അപായപ്പെടുത്തിപ്പോലും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നതിന് തെളിവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം നേരിട്ട വിമാനയാത്രയിലെ ജീവല്‍ ഭീഷണി. പൗരന്റെ അന്തിമ ആശ്രയമായ ബാലറ്റിന് കാത്തിരിക്കുക മാത്രമാണ് തല്‍ക്കാലം പോംവഴി.