News

ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം; നാളെ മുതല്‍ പ്രാബല്യത്തില്‍

By webdesk18

December 31, 2025

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ പുതുക്കിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന നിരവധി പ്രധാന ട്രെയിനുകളുടെ എത്തിച്ചേരല്‍, പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റമുണ്ടാകും. ശബരി എക്‌സ്പ്രസ് ഇനി 30 മിനിറ്റ് മുമ്പ്, രാവിലെ 10.40ന് എറണാകുളം ടൗണില്‍ എത്തും. തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടല്‍ സമയത്തില്‍ മാറ്റമില്ല. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 20 മിനിറ്റ് മുന്നേ എത്തിച്ച് വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും.

ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇനി വൈകിട്ട് 5.05നാണ് എറണാകുളത്ത് എത്തുക. മുമ്പ് ഇത് 4.55നായിരുന്നു. വൈഷ്‌ണോദേവി-കന്യാകുമാരി ഹിമസാഗര്‍ വീക്കിലി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ മുമ്പായി രാത്രി 7.25ന് തിരുവനന്തപുരത്തെത്തും. നേരത്തെ ഇത് രാത്രി 8.25നായിരുന്നു. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ പുറപ്പെടല്‍ സമയത്തിലും മാറ്റമുണ്ടാകും. ഇനി രാവിലെ 10.40ന് ചെന്നൈ എഗ്‌മോറില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക, മുമ്പ് 10.20നായിരുന്നു സമയം. ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ മുമ്പ് എത്തിച്ച് രാവിലെ 6.05ന് ചെന്നൈ താംബരത്തെത്തുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

യാത്രക്കാര്‍ പുതുക്കിയ സമയക്രമം ശ്രദ്ധിച്ച് യാത്രാ ക്രമീകരണങ്ങള്‍ നടത്തണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.