ചെങ്ങന്നൂര്‍: ജീവിതത്തില്‍ ഏറ്റവും അധികം വിഷമം തോന്നിയത് വര്‍ഗീയ വാദിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം കേട്ടപ്പോഴാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെരെഞ്ഞെടുപ്പ് വരുകയും പോവുകയും ചെയ്യും.തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ എന്തും പറഞ്ഞു കരിവാരി തേക്കാം എന്ന സമീപനം ശരിയല്ല. പതിറ്റാണ്ടുകളായി ചെങ്ങന്നൂരില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് താനെന്ന് വിജയകുമാര്‍ പറഞ്ഞു. അയ്യപ്പ സേവാ സംഘത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നതില്‍ വിഷമമുണ്ട്. അയ്യപ്പ സേവാ സംഘം ശബരിമല അയ്യപ്പന്മാര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം നല്‍കുന്നവരുടെ കൂട്ടായ്മയാണ്.

മാര്‍ക്‌സിസ്റ്റ് കാരും അയ്യപ്പ സേവാ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജാതി മത ഭേദമില്ലാതെ ആര്‍ക്കും പ്രവേശിക്കാവുന്ന പുണ്യസ്ഥലമാണ് അയ്യപ്പന്റെ സന്നിധാനം.ഈ അയ്യപ്പന്മാര്‍ക്കുവേണ്ടിയും അവരുടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയുമാണ് അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്നത്. വോട്ട് ലക്ഷ്യം വെച്ചു കോടിയേരി ആക്ഷേപിക്കാന്‍ പാടില്ലായിരുന്നു. സി.പി.ഐയില്‍ നിന്ന് വേര്‍തിരിഞ്ഞു സി.പി.എം സ്ഥാപിക്കപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അയ്യപ്പസേവാ സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സംഘപരിവാറുമായി ബന്ധപ്പെടുത്തി വര്‍ഗീയ പരാമര്‍ശം കോടിയേരി നടത്തുന്നതിന്റെ സംസാരിക്കുന്ന തെളിവ് യു.ഡി.എഫിന്റെ പക്കലുണ്ട്. സമയം ഇനിയും വൈകിയിട്ടില്ലെന്നും ഉരുണ്ടുകളിക്കാതെ പ്രസ്താവന പൂര്‍ണമായും കോടിയേരി പിന്‍വലിക്കണമെന്നും ഡി.വിജയകുമാര്‍ പറഞ്ഞു.