ബെയ്ജിങ്: ചൈനയില്‍ അംഗീകാരമില്ലാത്ത കോവിഡ് വാക്‌സിന്‍ ആയിരക്കണക്കിന് ആളുകളില്‍ കുത്തിവച്ചതായി റിപ്പോര്‍ട്ട്. പരീക്ഷണ ഘട്ടത്തിലുള്ളതും ഫലസിദ്ധി തെളിയിക്കപ്പെടാത്തതുമായ വാക്‌സിനാണ് ആയിരക്കണക്കിന് പേരില്‍ കുത്തിവച്ചത്. വാക്‌സിന്‍ ഡോസ് കുത്തിവച്ചവരില്‍ നിന്നെല്ലാം ഇതു പുറത്തുപറയില്ലെന്ന ഒരു കരാറില്‍ ഒപ്പുവപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ഇത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ കമ്പനികളിലെ ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വാക്‌സിന്‍ കമ്പനി ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്കാണ് വാക്‌സന്‍ നല്‍കിയത്. ഇവരുടെ സമ്മതം വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലാത്തതിനല്‍ ആഗോള ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. ജൂലൈയില്‍ തുടങ്ങിയ വാക്‌സിന്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുണ്ടെന്നാണ് ചൈന പറയുന്നത്.

അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ അധികാര പരിധിക്കുള്ളില്‍ ആരോഗ്യ ഉല്‍പനങ്ങള്‍ക്ക് അതതു രാഷ്ട്രങ്ങള്‍ക്കുതന്നെ അനുമതി നല്‍കാമെന്നു ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞിരുന്നു. ഇത് ‘താല്‍ക്കാലിക പരിഹാരം’ മാത്രമാണെന്നും അവര്‍ ഊന്നിപ്പറഞ്ഞു.