ന്യൂഡല്‍ഹി: ദോക്‌ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക്കിലൂടെ അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് ശ്രമം സൈന്യം പരാജയപ്പെടുത്തി. രാവിലെ ആറു മുതല്‍ രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. പ്രസിദ്ധമായ പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഫിംഗര്‍-4, ഫിംഗര്‍-5 മേഖലയിലാണ് ചൈനീസ് അതിക്രമമുണ്ടായത്. ഇന്ത്യ ശക്തമായ നീക്കം നടത്തിയതിനാല്‍ ചൈനീസ് സൈന്യത്തിന് മേഖലയില്‍ പ്രവേശിക്കാനായില്ല. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ സൈനികര്‍ക്ക് നേരിയ പരിക്ക് പറ്റിയതായി അധികൃതര്‍ അറിയിച്ചു.