ന്യൂഡല്‍ഹി: കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്നാണെന്ന് നേരത്തെ തന്നെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്നാണെന്നതിന് തെളിവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷക. ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. വുഹാനിലെ മത്സ്യമാര്‍ക്കറ്റാണ് വൈറസ് ബാധയുടെ ഉത്ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യെന്‍ പുറത്തിറക്കിയ യുട്യൂബ് വിഡിയോയില്‍ പറയുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച രഹസ്യം അറിയാവുന്നതില്‍ തനിക്ക് ചൈനയില്‍ സുരക്ഷ പ്രശ്‌നം നേരിട്ടതായും അതിനാല്‍ യു.എസിലേക്ക് പോന്നതായും ബ്രിട്ടീഡ് ടോക് ഷോ ആയ ലൂസ് വിമണില്‍ പങ്കെടുത്ത് ലീ പറഞ്ഞു.

ഹോങ്‌കോങ്ങിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ലീ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡിസംബര്‍ 31ല്‍ വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഗവേഷകര്‍ പിന്നീട് അവ ഒതുക്കിതീര്‍ത്തു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ കണ്ടുപിടിത്തം സംബന്ധിച്ച് പുറത്തു പറയരുതെന്നും നിര്‍ദേശിച്ചതായും പറയുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന് തെളിയിക്കുന്ന എല്ലാ പഠനറിപ്പോര്‍ട്ടും കൈവശമുണ്ട്. ശാസ്ത്രം അറിയാത സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന രീതിയില്‍ അവ പ്രസിദ്ധീകരിക്കും. നിങ്ങള്‍ക്ക് അത് പരിശോധിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം അവര്‍ പറഞ്ഞു.

ചൈനീസ് അധികൃതര്‍ പിന്നീട് തന്റെ കൈയിലുള്ള രേഖകളെല്ലാം നശിപ്പിച്ചു. പിന്നീട് തന്നെകുറിച്ച് അപവാദപ്രചരണം നടത്താന്‍ ചിലരെ നിയമിച്ചതായും ലി പറഞ്ഞു.