നെയ്യാറ്റിന്‍കര: ക്രിസ്ത്യന്‍ പള്ളി പൊളിച്ച് നീക്കാനുള്ള ശ്രമം ഒരു വിഭാഗം വിശ്വാസികള്‍ ചെറുത്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് പിന്‍വശത്ത് റോമന്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള അമലോത്ഭവ കത്തീഡ്രല്‍ ദേവാലയം പൊളിച്ചുനീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പള്ളിക്കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ പള്ളി നിര്‍മ്മിക്കാനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ പൊള്ളി പൊളിച്ചത്. ഇതിന്റെ ഭാഗമായി ഏതാനും ആഴ്ച മുമ്പ് ഇവിടുത്തെ ആരാധനയും മറ്റും നൂറ് മീറ്റര്‍ അകലെ താല്‍ക്കാലികമായി സ്ഥാപിച്ച കുരിശടിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പഴയ പൊള്ളി പൊളിച്ചുനീക്കാതെ മെയിന്റനന്‍സ് നടത്തി നവീകരിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു വിശ്വാസികളില്‍ ചിലര്‍. ഇത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ഏറെനാളായി നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ന് പുലര്‍ച്ചെ ചിലര്‍ ജെ.സി.ബി ഉപയോഗിച്ച് പള്ളി പൊളിക്കാന്‍ ശ്രമിച്ചത്.

നാല് ജെ.സി.ബികളുമായെത്തിയ സംഘം പള്ളിയുടെ ഒരു ചുവരും മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും പൊളിച്ചുനീക്കുന്നതിനിടെയാണ് വിവരമറിഞ്ഞ് പൊലീസെത്തിയത്. തുടര്‍ന്ന് പള്ളി പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരുടേയും ഭാഗത്ത് നിന്ന് പരാതികളൊന്നും ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.