kerala

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

By webdesk18

November 27, 2025

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്. വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണമുന്നയിച്ചത്. കേസില്‍ അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാഴ്ച മുമ്പ് ആണ് സിഐ ബിനു തോമസ് ജീവനൊടുക്കിയത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയില്‍ പോയതിന് ശേഷം കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2014ല്‍ സിഐ ആയിരിക്കെ അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചു. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഉമേഷ് ആവശ്യപ്പെട്ടുവെന്നും തന്നോടും യുവതിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ബിനുവിന്റെ കുറിപ്പിലുണ്ട്. പല തവണ ഇത് ആവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ട്. മരിച്ച സിഐ ബിനു തോമസ് പാലക്കാട് വടക്കഞ്ചേരി എസ്‌ഐയും എന്‍.ഉമേഷ് സിഐയുമായിരുന്ന സമയത്താണ് സംഭവം നടന്നത്.