ന്യൂഡല്‍ഹി: ഏകതെരഞ്ഞടുപ്പെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വക്കുന്ന ആശയം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്ന് മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. ഭൂരിപക്ഷ ജനാധിപത്യമെന്ന സങ്കല്‍പത്തെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര- സംസ്ഥാന നിയമനിര്‍മാണ സഭകളിലേക്ക് ഒരേ സമയത്ത് തിരഞ്ഞടുപ്പ് നടത്തുകയെന്നത്.
ഏകതെരഞ്ഞടുപ്പ് എന്ന രീതി നടപ്പിലാക്കിയാല്‍ കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ സര്‍ക്കാറുകള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാലും അധികാരത്തില്‍ തുടരുന്ന അവസ്ഥയുണ്ടാവും. തനതായ രാഷ്ട്രീയ രീതികളും മാര്‍ഗങ്ങളുമായി മുന്നോട്ട് പോവുന്ന സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്കിത് എതിരാണെന്നും ഫെഡറല്‍ മൂല്യങ്ങളെ ലംഘിക്കുന്നതാണെന്നും പാര്‍ട്ടി വിലയിരുത്തി. സംസ്ഥാനങ്ങളില്‍ സഖ്യകക്ഷി രാഷ്ട്രീയ വ്യവസ്ഥയിലധിഷ്ടിത രാഷ്ട്രീയ രീതിയാണ് നിലനില്‍ക്കുന്നതെ്ന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാത്തതാണ് ഒരേ സമയത്തുള്ള തെരഞ്ഞടുപ്പ് എന്ന ആശയം. എവിടെയൊക്കൊ സഖ്യകക്ഷി ഭരണം നിലനില്‍ക്കുന്നുണ്ടോ അവിടങ്ങളിലൊക്കെ സര്‍ക്കാര്‍ പിരിച്ചുവിടപ്പെടാനോ പുതിയ സര്‍ക്കാറുകള്‍ രൂപീകരിക്കാനോ ഉള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഏകതെരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പം സര്‍ക്കാറുകള്‍ക്ക് ഭൂരിപക്ഷമില്ലെങ്കിലും അധികാരത്തില്‍ തുടരാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നതിന് പകരം പ്രസിഡന്റ് മോഡല്‍ ഭരണസംവിധാനമാണ് ഇതിനാല്‍ വിഭാവനം ചെയ്യുന്നതെന്നും മുസ്‌ലിംലീഗ് അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ എമറാള്‍ഡ് ഹോട്ടലിലാണ് ദേശീയ രാഷ്ട്രിയകാര്യ സമിതി ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സെക്രട്ടിറി ഖുറംഅനീസ് ഉമര്‍, നവാസ് ഗനി എംപി പങ്കെടുത്തു.