കമാല്‍ വരദൂര്‍

ആറ് മല്‍സരങ്ങള്‍, അഞ്ച് ഗോളുകള്‍…. സി.കെ വീനിതിലെ മുന്‍നിരക്കാരന് 100 ല്‍ 100 മാര്‍ക്ക് നല്‍കണം. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലാണ് ഒരു മുന്‍നിരക്കാരന്‍ ധീരോദാത്തനാവുന്നത്. മുന്നിലേക്ക് വരുന്ന അവസരങ്ങളെ നേരിടാന്‍ തല ഉയര്‍ത്തി കളിക്കണം. തല ഉയര്‍ത്തണമെങ്കില്‍ ആത്മവിശ്വാസം വേണം. ആത്മവിശ്വാസത്തിന് പോരാട്ടവീര്യം വേണം-വീനീതിലെ മുന്‍നിരക്കാരന്‍ വിട്ടുകൊടുക്കാന്‍ മനസ്സിലാത്ത താരമാണ്. ഇന്നലെ അദ്ദേഹം നേടിയ ഗോള്‍ അതിസുന്ദരമെന്ന് വിശേഷിപ്പിക്കാനാവില്ല.

 

പക്ഷേ അതിവേഗതയുളള നീക്കത്തില്‍ അദ്ദേഹം നോര്‍ത്ത് ഗോള്‍ക്കീപ്പര്‍ രഹനേഷിന്റെ പൊസിഷന്‍ കാണുന്നുണ്ട്- ഗോള്‍ക്കീപ്പര്‍ക്ക് എത്തിപിടിക്കാന്‍ കഴിയാത്ത വിധം പന്തിനെ പ്ലേസ് ചെയ്യണമെങ്കില്‍ തല ഉയര്‍ത്തിയുളള ആ വീക്ഷണം മതി. എമിലിയാനോ അല്‍ഫാരോയെ പോലെ അപകടകാരിയായ ഒരു മുന്‍നിരക്കാരന് പോലും എത്രയോ തവണ പിഴക്കുന്ന കാഴ്ച്ചയിലായിരുന്നു വീനിതിലെ മുന്‍നിരക്കാരന്റെ അവസരോചിതമായ ആ ഷോട്ട് എന്നോര്‍ക്കണം. രണ്ട് ഷോട്ടുകളാണ് വീനിത് ഗോളിലേക്ക് പായിച്ചത്.

 

അതിലൊന്ന് ഗോളായി. മുഹമ്മദ് റാഫിയിലെ അനുഭവ സമ്പന്നനായ മുന്‍നിരക്കാരന്‍ തലയില്‍ അപകടകാരിയാണ്. കഴിഞ്ഞ സീസണില്‍ നമ്മള്‍ കണ്ടതാണ് റാഫിയുടെ നാല് തല ഗോളുകള്‍. ഇന്നലെ അതേ മിന്നലാട്ടത്തില്‍ അദ്ദേഹത്തിന്റെ മിന്നും ഹെഡ്ഡര്‍ രഹനേഷ് തട്ടിതെറിപ്പിച്ച് പോസ്റ്റില്‍ തട്ടി പുറത്താവുമ്പോള്‍ അതിനെ നിര്‍ഭാഗ്യമെന്നല്ലാതെ എന്താണ് വിളിക്കുക. റാഫിയിലെ താരത്തിന് ഒരു പക്ഷേ സമയം മോശമായിരിക്കാം.

 

പക്ഷേ വീനിതിലെ താരത്തിന് റാഫിയിലെ സുഹൃത്ത് നല്‍കുന്ന പിന്തുണ നോക്കുക-ടീമിന് വേണ്ടി കളിക്കുമ്പോള്‍ വ്യക്തികളല്ല താരങ്ങള്‍ എന്ന് വ്യക്തമായ സത്യ സന്ദേശം എല്ലാവരും നല്‍കുമ്പോള്‍ സെമിയിലേക്കുള്ള യാത്രയില്‍ ആശങ്കപ്പെടാനില്ല. ഹോസുവിന്റെ അഭാവം മധ്യനിരയില്‍ പ്രകടമായിരുന്നു. പലപ്പോഴും മുന്‍നിരക്കാര്‍ പന്തിനായി കയറിയിറങ്ങേണ്ടി വന്നു. സന്ദേശ് ജിങ്കാനിലെ വീര്യമുള്ള പോരാളി എവിടെയും ഓടിയെത്തുന്നത് പോലെ എല്ലാവരും എല്ലാ റോളും വഹിച്ചു-ടോട്ടല്‍ ഫുട്‌ബോള്‍ എന്നത് പോലെ…

 

നിക്കോളാസ് വാലസ് എന്ന അര്‍ജന്റീനക്കാരനെ അവസാന നിമിഷം പരുക്കില്‍ നഷ്ടമായത് നോര്‍ത്ത് ഈസ്റ്റിനും എമിലിയാനോ അല്‍ഫാരോക്കും ആഘാതമായിരുന്നു. ഈ രണ്ട് പേരും ചേര്‍ന്നുളള സഖ്യമാണ് ടീമിനെ ഇത് വരെ മുന്നോട്ട് കൊണ്ടുപോയത്. ജപ്പാന്‍ താരം കറ്റ്‌സൂമിയാവട്ടെ വേഗതയിലും തനത് ഫോമിലുക്കയര്‍ന്നുമില്ല. നിര്‍മല്‍ ചേത്രിയുടെ പരുക്കും പിന്മാറ്റവും അവരുടെ മധ്യനിരയെ ബാധിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ഐക്യത്തിന്റെ സന്തോഷമുഖം മൈതാനത്ത് പ്രകടമാക്കി. ചെറിയ പാസുകളുമായി യൂറോപ്യന്‍ ശൈലിയില്‍ സുന്ദരമായി കളിച്ചു.

 
ബെല്‍ഫാസ്റ്റും റാഫിയും വിനിതുമെല്ലാം സെക്കന്‍ഡ് പോസ്റ്റില്‍ പോലും പന്ത് കൈമാറി ആത്മവിശ്വാസം പ്രകടമാക്കി. മല്‍സരത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നടത്തിയ ആഹ്ലാദത്തിലുമുണ്ടായിരുന്നു ടീമിന്റെ ഒത്തൊരുമ. ടേബിളില്‍ മുംബൈക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് വന്നിരിക്കുന്നത്. തോറ്റ് തുടങ്ങിയ ടീമിന് വലിയ നേട്ടമാണ് ഈ സ്ഥാനം. വീനിതാവട്ടെ ഗോള്‍ വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരിക്കുന്നു.ഇനി സെമിയാണ്. ഡല്‍ഹിയാണ് പ്രതിയോഗികള്‍. ഹോസുവും മെഹ്താബും പരുക്കില്‍ നിന്ന് മുക്തരാവും. രണ്ട് പാദമുണ്ട് സെമിയെന്നതും ആശ്വാസം. അതിനിടെ വിശ്രമത്തിനും ദിവസങ്ങളുണ്ട്. കൊച്ചിയിലെ കാണികള്‍ക്ക് ഇനി സെമി കാണാം-ഫൈനലും.