കണ്ണൂര്‍: ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പഴയ ബസ്റ്റാറ്റ് പരിസരത്താണ് അക്രമം അരങ്ങേറിയത്. ദേശീയപാത ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു.

വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയെങ്കിലും ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിരുന്നുവെങ്കിലും കലോത്സവ വാഹനങ്ങളെ തടഞ്ഞതായി തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം കലോത്സവത്തെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.  ധര്‍മ്മടം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.