ഏഴു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്തു. ഹരിയാന ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ കൊലപ്പെട്ട സംഭവത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തത്. വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായാണ് വിവരം. സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമനനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കത്തി സമീപത്തു നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം ഹരിയാന പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് കണ്ടെത്തല്‍ തെറ്റാണെന്ന് ആരോപിച്ച് അശോക് കുമാറിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ റയാന്‍ സ്‌കൂള്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.