തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തു 6.34 കോടിയുടെ കൃഷി നാശം സംഭവിച്ചെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതികളുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ വിശദീകരിച്ചു.
മഴ കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. തീരദേശ ജില്ലകള്‍ക്ക് ദുരിതാശ്വാസത്തിനായി 50 ലക്ഷം വീതം അനുവദിച്ചു. മറ്റു ജില്ലകള്‍ക്ക് ആവശ്യമുളള തുക മാനദണ്ഡം അനുസരിച്ച് ആവശ്യപ്പെടുന്ന മുറക്ക് തന്നെ നല്‍കും. 2784 കര്‍ഷകരെയാണ് കാലവര്‍ഷ കെടുതി ബാധിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. 188.41 ഹെക്ടര്‍ കൃഷി നശിച്ചു.
ഇതിന്റെ നഷ്ടമാണ് 6.34 കോടി. കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീട് നഷ്ടമായവര്‍ക്കും ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തിനു പുറമെ അധിക ധനസഹായം ഉറപ്പാക്കും. സംസ്ഥാനത്ത് കാലവര്‍ഷ കെടുതി 16 പേരുടെ ജീവനെടുത്തു. 61 വീടുകള്‍ പൂര്‍ണമായും 1102 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മലയോര മേഖലയില്‍ 1,01,900 രൂപയും സമതലങ്ങളില്‍ 95,100 രൂപയും സഹായം നല്‍കും. ഈ തുക വര്‍ധിപ്പിച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു പോയ വീടുകള്‍ക്ക് തീരത്തു നിന്നും 50 മീറ്ററിനുളളില്‍ ആണെങ്കില്‍ നാല് ലക്ഷവും 50 മീറ്ററിന് പുറത്ത് മാറി താമസിക്കാം എന്ന വ്യവസ്ഥയില്‍ സ്ഥലം വാങ്ങുന്നതിനായി ആറ് ലക്ഷം വരെയും നല്‍കും. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് തകര്‍ച്ചയുടെ തോത് അനുസരിച്ച് ധനസഹായം നല്‍കും. കൃഷി നാശത്തിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഒരു ഹെക്ടറിന് പരമാവധി 18,000 രൂപവരെ ധനസഹായം നല്‍കും. ബുധനാഴ്ച വരെ മഴയും കാറ്റും തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെന്നും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയെന്നും റവന്യൂമന്ത്രി അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും നേരിട്ടു ദുരന്ത നിവാരണത്തില്‍ ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതിനുളള നടപടികള്‍ ദ്രുതഗതിയിലാണ്. ആധുനിക സംവിധാനത്തോടെ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ ജില്ലാ കലക്ടറേറ്റുകളിലും നിലവിലുള്ള ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ശാക്തീകരിക്കുകയും താലൂക്ക് തലത്തില്‍ പുതിയതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.