ഡല്‍ഹി: അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഡല്‍ഹി മാര്‍ക്കറ്റില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണു സംഭവം. നീലു (26) എന്ന യുവതിയെ ഭര്‍ത്താവ് ഹരീഷ് 25 തവണ കുത്തിയാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുദ്ധ വിഹാറില്‍ പൊതുജനത്തിനു മുന്നിലായിരുന്നു ക്രൂരത അരങ്ങേറിയത്.

മാര്യേജ് ബ്യൂറോയില്‍ ജോലിക്കാരനാണു ഹരീഷ്. വഴിയാത്രക്കാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍, ‘മുന്നോട്ടു വരാന്‍ ധൈര്യം കാണിക്കരുത്’ എന്ന് പ്രതി അലറിവിളിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമം നടക്കുമ്പോള്‍ ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങുന്നവരെയും വിഡിയോയില്‍ കാണാം.