ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദോറിയയില്‍ മകള്‍ക്ക് നേരേ നടന്ന ലൈംഗികാതിക്രമം ചോദ്യംചെയ്ത പിതാവിനെ തല്ലിക്കൊന്നു. 50കാരനാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് 50കാരനെ തല്ലിക്കൊന്നത്.വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടയാളുടെ മകളെ അയല്‍ക്കാരനായ യുവാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് കാര്യം പറഞ്ഞു.

ഇതിനുപിന്നാലെയാണ് 50കാരന്‍ അയല്‍ക്കാരനായ യുവാവിന്റെ വീട്ടിലെത്തിയത്. മകളെ ഉപദ്രവിച്ചത് ചോദ്യംചെയ്ത പിതാവ് ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും 50കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

50കാരനെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ ലഖ്‌നൗവിലേക്ക് കൊണ്ടുപോയി. എന്നാല്‍ ലഖ്‌നൗവിലേക്കുള്ള വഴിമധ്യേ മരണംസംഭവിച്ചു.സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും ഇവരില്‍ രണ്ട് പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.