കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ യൂഡിഎഫ് മുന്നേറ്റത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി എംപി ഹൈബി ഈഡന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി’ എന്നാണ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 45-നും 50-നും ഇടയില്‍ ഡിവിഷനുകളില്‍ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മേയര്‍ സ്ഥാനാര്‍ത്ഥി ദീപ്തി മേരി വര്‍ഗീസ് വിജയിച്ചു. ഒപ്പം തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.
അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.