കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന്റെ സീറ്റു വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കും. സീറ്റ് വിഭജനത്തിലൂടെ യുക്തിപൂര്‍ണമായ നിലയിലേക്ക് സഖ്യത്തെ എത്തിക്കാനുള്ള സമയമാണ് ഇതെന്ന് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

മുന്‍വൈരം മറന്ന് മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ഒന്നിക്കുകയാണ് ഇരുപക്ഷവും. മൂന്നാം ബദല്‍ എന്ന രീതിയിലാണ് സഖ്യം പ്രവര്‍ത്തിക്കുക. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനായാണ് തുടക്കത്തില്‍ തന്നെ ഇരുകക്ഷികളും ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

2016ല്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും സീറ്റു വിഭജന ചര്‍ച്ചകളുമായി മുമ്പോട്ടു പോയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആശയക്കുഴപ്പങ്ങള്‍ സഖ്യസാധ്യത തകര്‍ത്തു.

സഖ്യവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രദീപ് ഭട്ടാചാര്യ എംപിയാണ് ഇതിന്റെ ചെയര്‍മാന്‍. ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ഈയിടെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് അധിര്‍ രഞ്ജന്‍ ചൗധരിയോട് ആവശ്യപ്പെട്ടിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. സിപിഎമ്മിന് സീറ്റൊന്നും ലഭിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസ് 22 ഇടത്തും ബിജെപി 18 ഇടത്തം വിജയം കണ്ടു.