യുഎന്‍: കോളറയില്‍ ദുരിതം അനുഭവിക്കുന്ന യമന് സഊദി അറേബ്യയുടെ സാമ്പത്തിക സഹായം. പടര്‍ന്നു പിടിക്കുന്ന കോളറക്കു കാരണം മനുഷ്യന്റെ ഇടപെടലാണെന്നാണ് യുഎന്നിന്റെ പ്രാഥമിക നിഗമനം. യമനിലെ ദുരിത ബാധിതര്‍ക്കായി 66.7 മില്യണ്‍ ഡോളര്‍ തുക യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവ വഴി വിതരണം ചെയ്യുമെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു. വെള്ളം, ശുചീകരണം, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി ഉപയോഗിക്കുമെന്ന് വക്താക്കള്‍ അറിയിച്ചു. യുദ്ധ ബാധിത പ്രദേശമായ യമനില്‍ കോളറ പിടിപെട്ടു ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരത്തി ഇരുന്നൂറ്റി അഞ്ചായി. ഒരു ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപതാം തീയതി വരെയുള്ള കണക്കാണിത്. മനുഷ്യനിര്‍മ്മിത ദുരന്തമാണ് യമനിലേതെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു. യുദ്ധത്താല്‍ ജനജീവിതം ദുസ്സഹമായ യമനില്‍ പട്ടിണിക്ക് പുറമേ പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു.
കോളറ അനിയന്ത്രിതമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യമനിലെ എല്ലാ പാര്‍ട്ടികളും ദുരന്തത്തിന്റെ ഉത്തരവാദികളാണെന്നും ബ്രയാന്‍ പറഞ്ഞു. യമനില്‍ കോളറയുടെ വ്യാപനം നാല് ശതമാനമായാണ് ദിവസേന വര്‍ധിക്കുന്നത്. മരണസംഖ്യയും 3.5 ശതമാനമെന്ന തോതില്‍ ഉയരുന്നുണ്ട്.